ചര്‍ച്ചകള്‍ നടത്താന്‍ നിമിഷപ്രിയയുടെ കുടുംബത്തിന് മാത്രമാണ് അവകാശം; മധ്യസ്ഥ സംഘത്തിനായി കേന്ദ്ര സര്‍ക്കാരിനെ സമീപിക്കണമെന്ന് സുപ്രീം കോടതി

നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായി നയതന്ത്ര-മധ്യസ്ഥ സംഘത്തെ നിയോഗിക്കാനായി കേന്ദ്ര സര്‍ക്കാരിനെ സമീപിക്കാന്‍ സുപ്രീം കോടതി അനുമതി നല്‍കി. നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടത്താന്‍ കുടുംബത്തിന് മാത്രമാണ് അവകാശമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.

കുടുംബത്തിന് പുറമെ പവര്‍ ഓഫ് അറ്റോര്‍ണിക്കും ചര്‍ച്ച നടത്താമെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. അതേസമയം വിഷയത്തില്‍ ഏതെങ്കിലും ഒരു സംഘടന ചര്‍ച്ച നടത്തിയാല്‍ മാറ്റം ഉണ്ടാകുമെന്ന് കരുതുന്നില്ലെന്ന് അറ്റോര്‍ണി ജനറല്‍ കോടതിയെ അറിയിച്ചു. നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കുന്നത് നീട്ടിവെച്ചതായും മോചന ചര്‍ച്ചകള്‍ നടക്കുകയാണെന്നും അറ്റോര്‍ണി ജനറല്‍ കോടതിയില്‍ വ്യക്തമാക്കി.

നിമിഷപ്രിയയുടെ മോചനത്തിനായി തലാലിന്റെ കുടുംബവുമായി ചര്‍ച്ച നടത്തണമെന്നും ഇതിനായി ഒരു മധ്യസ്ഥ സംഘത്തിന് യെമെനില്‍ പോകാനുള്ള അനുമതി നല്‍കണമെന്നും നിമിഷപ്രിയ ഇന്റര്‍നാഷണല്‍ ആക്ഷന്‍ കൗണ്‍സിലിന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ രാകേന്ദ് ബസന്ത് കോടതിയില്‍ ആവശ്യപ്പെട്ടു.

Read more

തലാലിന്റെ കുടുംബവുമായി ചര്‍ച്ച നടത്തുന്നതിന് രണ്ട് പേര്‍ ആക്ഷന്‍ കൗണ്‍സില്‍ പ്രതിനിധികളും രണ്ട് പേര്‍ കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാരുടെ സംഘത്തില്‍പ്പെട്ടവരും ആയിരിക്കണമെന്ന് അഭിഭാഷകന്‍ രാകേന്ദ് ബസന്ത് ആവശ്യപ്പെട്ടു. തുടര്‍ന്ന് ചര്‍ച്ച നടത്താന്‍ അവകാശം നിമിഷ പ്രിയയുടെ കുടുംബത്തിനാണെന്ന് അറ്റോര്‍ണി ജനറല്‍ വ്യക്തമാക്കുകയായിരുന്നു.