പാര്‍ട്ടി നേതാക്കള്‍ കമ്മ്യൂണിസത്തെ കുടുംബത്തിനു പുറത്തു നിര്‍ത്തുന്നത് എന്തുകൊണ്ട്? മക്കളില്‍ വളര്‍ത്തുന്നത് അരാഷ്ട്രീയമെന്നും എന്‍. എസ് മാധവന്‍

കമ്മ്യൂണിസ്റ്റ് നേതാക്കള്‍ പാര്‍ട്ടിയെ സ്വന്തം കുടുംബത്തില്‍ നിന്ന് അകറ്റുന്നുവെന്ന് എഴുത്തുകാരന്‍ എന്‍. എസ് മാധവന്‍. മക്കളില്‍ വളര്‍ത്തുന്നത് അരാഷ്ട്രീയമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സി.പി.എം സസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്കെതിരെയുള്ള ലൈംഗികാരോപണ പരാതിയുടെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ വിമര്‍ശനം. മനോരമ ദിനപത്രത്തില്‍ എഴുതിയ ലേഖനത്തിലാണ് അദ്ദേഹം നേതാക്കള്‍ക്കെതിരെ ആഞ്ഞടിച്ചത്.

പിതാക്കന്മാരുടെ പാപങ്ങള്‍ മക്കളെ മൂന്നും നാലും തലമുറ വരെ പിന്തുടരുമെന്ന ബൈബിള്‍ വചനത്തില്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍, മക്കളുടെ ചെയ്തികള്‍ പിതാക്കന്മാരെ ബാധിക്കുമോ എന്ന് ചോദിക്കുന്ന അദ്ദേഹം കോടിയേരി ബാലകൃഷ്ണന്റെ കാര്യത്തില്‍ സംഭവിക്കുന്നത് അതാണെന്ന് വിലയിരുത്തുന്നു.

“ലോകത്തെ മാറ്റുക എന്നതാണു ലക്ഷ്യം” എന്നാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കാര്യത്തില്‍ മാര്‍ക്‌സ് പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തില്‍ സജീവ പങ്കാളിയായിരുന്നു ഭാര്യയായ ജെന്നി. എന്നാല്‍ മാര്‍ക്‌സ് തത്വത്തിന് വിരുദ്ധമായി പല കമ്മ്യൂണിസ്റ്റ് നേതാക്കളും എന്തുകൊണ്ട് കമ്മ്യൂണിസത്തെ കുടുംബത്തിന് പുറത്തു നിര്‍ത്തുന്നതെന്ന് അദ്ദേഹം ചോദിക്കുന്നു. ലോകത്തെ മാറ്റാന്‍ കുംടുംബത്തിന് പുറത്തുള്ള ഇതരജനങ്ങള്‍ മതിയെന്നാണ് ഇപ്പോഴത്തെ കമ്മ്യൂണിസ്റ്റ് നേതാക്കളുടെ നിലപാടെന്നും അദ്ദേഹം പരിഹസിക്കുന്നുണ്ട്.

എസ്എഫ്‌ഐ പോലെയുള്ള സംഘടനകളില്‍ നിന്നു കമ്യൂണിസ്റ്റ് നേതാക്കളുടെ മക്കള്‍ അകലം പാലിക്കുകയാണ്. എല്ലാ മധ്യവര്‍ഗ കുടുംബങ്ങളെയും പോലെ അവരും, മക്കള്‍ രാഷ്ട്രീയമില്ലാതെ വളരാന്‍ ആഗ്രഹിക്കുന്നു. “മക്കള്‍രാഷ്ട്രീയ”ത്തിന് എതിരായ നിലപാട് എന്നിതിനെ പറയാന്‍ പറ്റില്ല. കാരണം, ഇവര്‍ കുടുംബത്തില്‍ നടപ്പാക്കുന്നത് അരാഷ്ട്രീയതയാണെന്ന് എന്‍. എസ് മാധവന്‍ പറയുന്നു.

കേരളത്തിലെ ആദ്യകാല നക്‌സല്‍ നേതാവായിരുന്ന കുന്നിക്കല്‍ നാരായണന്‍ ഈ കാര്യത്തില്‍ വ്യത്യസ്തനാണ്. അദ്ദേഹം കുടുംബത്തില്‍ നിന്നാണ് രാഷ്ട്രീയം തുടങ്ങിയതെന്നും എന്‍. എസ് മാധവന്‍ ഉദാഹരണമായി പറയുന്നു. അദ്ദേഹത്തിന്റെ ഭാര്യ മന്ദാകിനിയുടെയും മകള്‍ അജിതയുടെയും രാഷ്ട്രീയ ജീവിതം മലയാളികള്‍ക്ക് അറിയാമെന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തുന്നു.