ഇനി സപ്ലൈകോ ജനറല്‍ മാനേജര്‍, ശ്രീറാം വെങ്കിട്ടരാമന്‍ ചുമതലയേറ്റു

ശ്രീറാം വെങ്കിട്ടരാമന്‍ സപ്ലൈക്കോയില്‍ ജനറല്‍ മാനേജരായി ചുമതലയേറ്റു. മാാധ്യമ പ്രവര്‍ത്തകനായിരുന്ന കെ എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കളക്ടറായി നിയമിച്ചത് വലിയ വിവാദമായിരുന്നു.  ജില്ല മജിസ്‌ട്രേറ്റിന്റെ കൂടി ചുമതലയുള്ള കളക്ടര്‍ പദവിയില്‍ നിയമിച്ചതിനെതിരെയായിരുന്നു വിവാദം.

പിന്നീട് സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിക്കുകയായിരുന്നു. പിന്നാലെയാണ് ഭക്ഷ്യ വകുപ്പില്‍ സിവില്‍ സപ്ലൈസില്‍ ജനറല്‍ മാനേജരായി നിയമിക്കുന്നത്.
സപ്ലൈകോയില്‍ നിയമനം നല്‍കിയത് മന്ത്രിസഭാ യോഗത്തിലും ചര്‍ച്ചയായി.

മന്ത്രിസഭ യോഗത്തില്‍ ശ്രീറാമിന്റെ നിയമനത്തില്‍ വകുപ്പ് മന്ത്രി ജി ആര്‍ അനില്‍ എതിര്‍പ്പറിയിച്ചു. എന്നാല്‍ മുഖ്യമന്ത്രി , മന്ത്രിയുടെ നിലപാടില്‍ തന്റെ അതൃപ്തി അറിയിച്ചതോടെ ചര്‍ച്ചകള്‍ അവിടെ അവസാനിച്ചു.

Read more

ശ്രീറാം വെങ്കിട്ടരാമനെ തന്നോട് ചോദിക്കാതെ തന്റെ വകുപ്പില്‍ സെക്രട്ടറിയായി നിയമിച്ചുവെന്നാണ് മന്ത്രി അനില്‍, മന്ത്രിസഭാ യോഗത്തില്‍ പരാതിപ്പെട്ടത്. ശ്രീറാമിന്റെ നിയമനം തന്നെ അറിയിക്കാതെയായിരുന്നുവെന്ന് ചൂണ്ടിക്കാട്ടി മന്ത്രി അനില്‍ തനിക്ക് കത്ത് നല്‍കിയതുമായി ബന്ധപ്പെട്ട് മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതിലായിരുന്നു മുഖ്യമന്ത്രിയുടെ അതൃപ്തി.