ഡി.സി.സി അദ്ധ്യക്ഷനാകാനോ, തീരുമാനിക്കാനോ അല്ല ഡല്‍ഹിയില്‍ എത്തിയത്; വ്യാജവാര്‍ത്തയെന്ന് ചാണ്ടി ഉമ്മന്‍

ഡിസിസി അദ്ധ്യക്ഷനാകാന്‍ താന്‍ ആഗ്രഹിച്ചിട്ടില്ലെന്നും പുറത്തു വന്നത് വ്യാജവാര്‍ത്തയെന്നും ചാണ്ടി ഉമ്മന്‍. നാളുകളായി ചിലര്‍ മനഃപൂര്‍വ്വം തന്നെ വിവാദങ്ങളിലേക്ക് വലിച്ചിടാന്‍ ശ്രമിക്കുന്നുവെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.

മംഗളം, ടൈംസ് ഓഫ് ഇന്ത്യ എന്നീ പ്രമുഖ പത്രങ്ങളില്‍ താന്‍ ഡല്‍ഹിയിലെത്തിയത് ഡിസിസി അദ്ധ്യക്ഷ സ്ഥാനം തീരുമാനിക്കാനാണ് എന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നെന്നും, തനിക്കെതിരെ വന്ന വാര്‍ത്തകള്‍ തികച്ചും വാസ്തവവിരുദ്ധമെന്നും ചാണ്ടി ഉമ്മന്‍ ഫെയ്സ്ബുക്ക് ലൈവില്‍ പറഞ്ഞു. താന്‍ ആരുടെയും പേര് നിര്‍ദ്ദേശിക്കുകയോ, നിര്‍ദ്ദേശിക്കാന്‍ ആഗ്രഹിക്കുകയോ ഇല്ല എന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്തകളുടെ നിജസ്ഥിതി അന്വേഷിക്കാതെ പ്രസിദ്ധീകരിക്കരുതെന്നും ചാണ്ടി പറഞ്ഞു.

ഡല്‍ഹിയിലാണ് താന്‍ പഠിച്ചതും, പ്രവര്‍ത്തിച്ചതെന്നും ഓര്‍മ്മിപ്പിച്ച ചാണ്ടി ഉമ്മന്‍ തന്റെ പ്രിയപ്പെട്ട മലങ്കര ഭദ്രാസനാധിപന്റെ ഖബറടക്ക ചടങ്ങിനാണ് ഡല്‍ഹിയില്‍ എത്തിയതെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ കോണ്‍ഗ്രസ് ഡിസിസി അദ്ധ്യക്ഷന്മാരുടെ പട്ടികയുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ക്കിടെ ചാണ്ടി ഉമ്മന്റെ പേര് ഉയര്‍ന്നു വന്നിരുന്നു. കോട്ടയം ഡിസിസി അദ്ധ്യക്ഷനായി ചാണ്ടി ഉമ്മനെ പരിഗണിക്കുന്നു എന്നായിരുന്നു വാര്‍ത്തകള്‍ പുറത്തു വന്നത്.