അഡ്മിഷന്‍ ബുക്കിന് കൂടുതല്‍ പണം ഈടാക്കില്ല; വണ്ടാനം മെഡിക്കല്‍ കോളേജിലെ വിവാദ സര്‍ക്കുലര്‍ പിന്‍വലിച്ചു

വിവാദ ഉത്തരവ് പിന്‍വലിച്ച് ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജ്. കിടത്തി ചികിത്സക്ക് വരുന്ന രോഗികളുടെ അഡ്മിഷന്‍ ബുക്കിന് കൂടുതല്‍ പണം ഈടാക്കാനുള്ള സര്‍ക്കുലറാണ് പിന്‍വലിച്ചത്. അഡ്മിഷന്‍ ബുക്കിന് നേരത്തെ പത്ത് രൂപയായിരുന്നത് വര്‍ദ്ധിപ്പിച്ച് 30 രൂപയാക്കി ഉയര്‍ത്തിയതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നതോടെയാണ് തീരുമാനം പിന്‍വലിച്ചത്.

സര്‍ക്കാര്‍ പ്രസില്‍ നിന്ന് പ്രിന്റ് ചെയ്ത് നല്‍കുന്ന അഡ്മിഷന്‍ ബുക്കുകള്‍ സൗജന്യ നിരക്കായ പത്തു രൂപ ഈടാക്കിയാണ് രോഗികള്‍ക്ക് നല്‍കിയിരുന്നത്. ആശുപത്രിയില്‍ കിടത്തി ചികിത്സയ്‌ക്കെത്തുന്ന രോഗികളുടെ വിവരങ്ങള്‍ രേഖപ്പെടുത്താനാണ് അഡ്മിഷന്‍ ബുക്ക്. എന്നാല്‍ സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് രണ്ടു മാസം മുന്‍പ് അച്ചടി അവസാനിപ്പിച്ചു.

ഇതേ തുടര്‍ന്നാണ് ആശുപത്രി വികസന സമിതി സ്വന്തം നിലയില്‍ ബുക്കുകള്‍ പ്രിന്റ് ചെയ്യാന്‍ തീരുമാനിച്ചത്. ഇതിനായി രോഗികളില്‍ നിന്ന് 30 രൂപ ഈടാക്കാനും വികസന സമിതി തീരുമാനിക്കുകയായിരുന്നു. മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതോടെയാണ് ആശുപത്രി വികസന സമിതി തീരുമാനം പിന്‍വലിച്ചത്.