മദ്യപിച്ച് വാഹനം ഓടിച്ചുവെന്നതിന് തെളിവില്ല; വിടുതല്‍ഹര്‍ജിയുമായി ശ്രീറാം വെങ്കിട്ടരാമനും

മാധ്യമ പ്രവര്‍ത്തകന്‍ കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയെന്ന കേസില്‍ രണ്ടാം പ്രതി വഫ ഫിറോസിന്റെ വിടുതല്‍ ഹര്‍ജിയില്‍ കോടതി വിധി ഇന്നാണ്. തിരുവനന്തപുരം ഒന്നാം അഡീഷണല്‍ ജില്ല സെഷന്‍സ് കോടതിയാണ് ഈ കേസില്‍ വിധി പറയുന്നത്. ഈ അവസരത്തില്‍ വിടുതല്‍ ഹര്‍ജിയുമായി ശ്രീറാം വെങ്കിട്ടരാമനും കോടതിയെ സമീപിച്ചിരിക്കുകയാണ്. താന്‍ മദ്യപിച്ച് വാഹനമോടിച്ചതിന് തെളിവുകളില്ല. അതിനാല്‍ തന്നെ വാഹനനിയമപ്രകാരമുള്ള കേസേ നിലനില്‍ക്കൂവെന്നാണ് ശ്രീറാം വെങ്കിട്ടരാമന്റെ വാദം.

താന്‍ നിരപരാധിയാണെന്നും ഇതില്‍ നിന്ന് തന്നെ ഒഴിവാക്കണമെന്നുമാണ് വഫയുടെ വാദം. ശ്രീറാമിനെ വാഹനം നല്‍കി ഓടിക്കാന്‍ പ്രേരിപ്പിച്ചത് വഫയാണെന്നാണ് പ്രോസിക്യൂഷനും വാദിച്ചു.തെളിവ് നശിപ്പിച്ചെന്ന കുറ്റവും വഫയ്‌ക്കെതിരെ ചുമത്തിയിട്ടുണ്ട്.

എന്നാല്‍ കുറ്റപത്രത്തില്‍ അന്വേഷണ സംഘം ഉള്‍പ്പെടുത്തിയ 100 സാക്ഷികളില്‍ ആരും വഫയ്‌ക്കെതിരെ മൊഴി നല്‍കിയിട്ടില്ല. രേഖകളിലോ പൊലീസിന്റെ അനുബന്ധ രേഖകളിലോ വഫയ്‌ക്കെതിരെ തെളിവില്ലെന്നും പ്രതിഭാഗം അഭിഭാഷകന്‍ അറിയിച്ചു.

2019 ഓഗസ്റ്റ് മൂന്നിന് പുലര്‍ച്ചെ ഒരു മണിക്കാണ് കേസിനാസ്പദമായ അപകടം നടന്നത്. ശ്രീറാം വെങ്കിട്ടരാമന്‍ മദ്യ ലഹരിയില്‍ വഫയുടെ വോക്‌സ് വാഗണ്‍ കാറില്‍ കവടിയാര്‍ ഭാഗത്തു നിന്നും അമിതവേഗതയില്‍ പോകവെ പബ്ലിക്ക് ഓഫീസ് മുന്‍വശം റോഡില്‍ വച്ച് ബഷീറിന്റെ ബൈക്കില്‍ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ബഷീറിനെ മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.