കോണ്‍ഗ്രസ് ഹൈക്കമാന്‍ഡുമായി ശശി തരൂര്‍ എംപി നടത്തിയ കൂടിക്കാഴ്ചയുടെ കൂടുതല്‍ വിശദാംശങ്ങൾ പുറത്ത്. തനിക്ക് മുഖ്യമന്ത്രി മോഹമില്ലെന്നും ചിലരങ്ങനെ ചിത്രീകരിച്ചുവെന്നും ശശി തരൂർ നേതൃത്വത്തെ അറിയിച്ചു. അതേസമയം ശശി തരൂരിന് പാര്‍ട്ടിയില്‍ അര്‍ഹമായ പ്രാധാന്യം ഉറപ്പാക്കുമെന്ന് രാഹുല്‍ ഗാന്ധി അറിയിച്ചു. ശശി തരൂർ പാർട്ടി വിടുന്നു എന്ന വാർത്തകൾക്ക് പിന്നാലെയായിരുന്നു കോണ്‍ഗ്രസ് ഹൈക്കമാന്‍ഡുമായി ശശി തരൂര്‍ കൂടിക്കാഴ്ച നടത്തിയത്.
അതേസമയം കൊച്ചിയിലെ മഹാപഞ്ചായത്ത് പരിപാടിക്കിടെ ഉണ്ടായ അതൃപ്തി ശശി തരൂര്‍ നേതൃത്വത്തെ അറിയിച്ചു. താൻ അധികാരമോഹിയല്ലയെന്നും വിമതനാകാനില്ലെന്നും കേന്ദ്ര നേതൃത്വവുമായുള്ള കൂട്ടിക്കാഴ്ചയിൽ ശശി തരൂർ വ്യക്തമാക്കി. കേരളത്തിലെയും കേന്ദ്രത്തിലെയും ചില നേതാക്കൾ തന്നെ ശത്രുവായി കണ്ടുവെന്നും തരൂർ ഖാർഗയോടും രാഹുലിനോടും വ്യക്തമാക്കി. തന്നെ കേരളത്തിൽ മുഖ്യമന്ത്രി പദവി മോഹിക്കുന്നയാളായി ചിത്രീകരിച്ചു, തനിക്ക് മുഖ്യമന്ത്രി മോഹം ഇല്ലായിരുന്നുവെന്നും തരൂർ പറഞ്ഞു.
Read more
പാർട്ടിവിടുമെന്ന പ്രചാരണത്തിന് പിന്നിലും പാളയത്തിലെ പട തന്നെയാണെന്നാണ് തരൂർ കരുതുന്നത്. ഇക്കാര്യവും തരൂർ നേതൃത്വത്തെ അറിയിച്ചു. അതേസസമയം പാർട്ടിലൈൻ വിട്ടുള്ള മോദി സ്തുതിയിലും വിദേശകാര്യ നിലപാടിലും ഹൈക്കമാൻഡ് തരൂരിനെ അതൃപ്തി അറിയിച്ചു. പ്രശ്‌നങ്ങുണ്ടായാൽ ഇനി നേരിട്ട് അറിയിക്കണമെന്നും നേതാക്കൾ തരൂരിനോട് ആവശ്യപ്പെട്ടു. തനിക്ക് പ്രവർത്തിക്കാൻ കുറച്ചുകൂടി ഇടം വേണം, അത് കേരളത്തിലായാൽ അത്രയും നല്ലത് എന്ന നിലപാട് തരൂർ കൂടിക്കാഴ്ചയിൽ പങ്കുവെച്ചുവെന്നാണ് വിവരം. ഹൈക്കമാൻഡ് നേതാക്കളുമായുള്ള ചർച്ച വളരെ ക്രിയാത്മകവും അനുകൂലവുമായിരുന്നെന്ന് തരൂർ കൂടിക്കാഴ്ചക്ക് ശേഷം പറഞ്ഞു.







