കോഴിക്കോട് എലത്തൂരിൽ ഒന്നിച്ച് ജീവനൊടുക്കാമെന്ന് പറഞ്ഞ് യുവതിയെ വിളിച്ചുവരുത്തി കൊലപ്പെടുത്തിയ കേസിൽ പ്രതി വൈശാഖന്റെ ഭാര്യക്കും പങ്ക്. യുവതിയുടെ മൃതദേഹം പ്രതി വൈശാഖനും ഭാര്യയും ചേർന്ന് കാറിലേക്ക് കയറ്റുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നു. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. എന്നാൽ പിന്നീടത് കൊലപാതകമാണെന്ന് തെളിഞ്ഞു.
ഒന്നിച്ചു മരിക്കാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തി പ്രതി തന്ത്രപരമായി യുവതിയെ കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിൽ യുവതിയുടെ സുഹൃത്ത് കൂടിയായ വൈശാഖനെ പൊലീസ് കസ്‌റ്റഡിയിലെടുത്തു. യുവതി ജീവനൊടുക്കുകയായിരുന്നുവെന്നാണ് വൈശാഖൻ പറഞ്ഞിരുന്നത്. അതേസമയം സംഭവത്തിൽ പ്രതി വൈശാഖനുമായി ഇന്ന് പൊലീസ് തെളിവെടുപ്പ് നടത്തും. കൊല നടത്തിയ സ്ഥാപനത്തിലും ഉറക്കഗുളികയും ജ്യൂസും വാങ്ങിയ സ്ഥലത്തും പ്രതിയെ എത്തിക്കും.
അഞ്ച് ദിവസത്തേക്കാണ് പ്രതിയെ പൊലീസിന് കസ്റ്റഡിയിൽ ലഭിച്ചത്. പ്രതിക്കെതിരെ പോക്സോ വകുപ്പ് ചുമത്തി മറ്റൊരു എഫ്ഐആറും കഴിഞ്ഞ ദിവസം പൊലീസ് രജിസ്റ്റർ ചെയ്തിരുന്നു. പതിനാറ് വയസുമുതൽ തന്നെ വൈശാഖൻ പീഡനത്തിന് ഇരയാക്കുന്നുണ്ടെന്ന് യുവതി ഡയറിയിൽ കുറിച്ചിരുന്നു. ഇക്കകഴിഞ്ഞ വെള്ളിയാഴ്ചയാണ് ഒരുമിച്ച് ജീവനൊടുക്കാമെന്ന് പറഞ്ഞു വിളിച്ചുവരുത്തി സ്വന്തം സ്ഥാപനത്തിൽ വച്ച് വൈശാഖൻ യുവതിയെ കൊലപ്പെടുത്തിയത്. യുവതിയുമായുള്ള ബന്ധം ഭാര്യ അറിയുമെന്ന ഭയത്തിലായിരുന്നു കൊലപാതകം.







