സംസ്ഥാനത്തെ ഐടി പാർക്കുകളിലും മദ്യശാലകൾക്ക് അനുമതി നൽകിയുള്ള സർക്കാരിന്റെ ഉത്തരവ് പുറത്ത് വന്നിട്ടും ഇതുവരെയും മദ്യശാലയ്ക്ക് അപേക്ഷകരാരുമില്ല. എക്സൈസ് ചട്ടം നിലവിൽ വന്നിട്ട് 3 മാസമായെങ്കിലും ഒരു അപേക്ഷ പോലും ഇതുവരെ സർക്കാരിന്റെ മുന്നിൽ എത്തിയില്ല. ചട്ടത്തിലെ നിബന്ധനകളാണ് അപേക്ഷകർ മുൻകൈ എടുക്കാത്തതിന് കാരണമെന്നാണ് വിലയിരുത്തൽ.
മദ്യശാലകൾക്ക് അനുമതി നൽകിയുള്ള ചട്ടത്തിലെ നിബന്ധനകൾ ഇളവ് ചെയ്യണമെന്നാണ് ഐ ടി വകുപ്പ് ആവശ്യപ്പെട്ടിരിക്കുന്നത്. ഒരു ഐടി പാർക്കിൽ ഒരു ലൈസൻസെന്ന നിബന്ധനയിൽ മാറ്റംവേണമെന്ന് ഐടി വകുപ്പ് ആവശ്യപ്പെട്ടു. നിലവിൽ ഡെവലപ്പർക്ക് മാത്രമാണ് ലൈസൻസ് നൽകാൻ ചട്ടം ഭേദഗതി ചെയ്തത്. അപേക്ഷകരായി കോ- ഡെവലപ്പർമാർക്കും ലൈസൻസ് വേണമെന്ന് ഐടി വകുപ്പ് നിലപാടെടുത്തിരിക്കുകയാണ്.
അതേസമയം നേരിട്ട് ലൈസൻസെടുക്കാൻ പാർക്ക് സിഇഒമാർക്ക് താൽപര്യമില്ലാത്തതും തിരിച്ചടിയാണ്. സർക്കാരിന്റെ ചട്ടം അനുസരിച്ച് ഒരു പാർക്കിൽ ഒരു മദ്യശാലയാകും ഉണ്ടാവുക. 10 ലക്ഷം രൂപയാണ് വാർഷിക ലൈസൻസ് ഫീസ്. ബാറുകളുടെ പ്രവർത്തന സമയമായ രാവിലെ 11 മണി മുതൽ രാത്രി 11 മണിവരെ ഐടി പാർക്കുകളിലെ മദ്യശാലകൾക്കും പ്രവർത്തിക്കാം. ഡ്രൈ ഡേയിൽ മദ്യശാല പ്രവർത്തിക്കില്ല. മറ്റു ലൈസൻസികളെപോലെ ഐടി പാർക്കുകളിലെ ലൈസൻസികൾക്കും ബവ്റിജസ് കോർപറേഷൻ്റെ ഗോഡൗണുകളിൽനിന്ന് മദ്യം വാങ്ങി മദ്യശാലയിൽ വിതരണം ചെയ്യാം എന്നും സർക്കാർ ഉത്തരവിൽ വ്യക്തമാക്കിയിരുന്നു.