അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണത്തിന് കാരണമായ കോളേജ് അധികൃതര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ നിര്‍ദ്ദേശിച്ച് ഗവര്‍ണര്‍. ആരോഗ്യ സര്‍വകലാശാല വൈസ് ചാന്‍സിലര്‍ മോഹനന്‍ കുന്നുമ്മലിനാണ് നിര്‍ദ്ദേശം നല്‍കിയത്. വി സി മോഹനന്‍ കുന്നുമ്മല്‍, ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തുകയും പ്രാഥമിക റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തു.
ആരോഗ്യ സര്‍വകലാശാല അന്വേഷണസമിതി നാളെ കോളേജില്‍ തെളിവെടുപ്പ് നടത്തും. വിദ്യാര്‍ഥികളുടെ മൊഴി എടുക്കും. സര്‍വകലാശാല ഗവേര്‍ണിങ് കൗണ്‍സില്‍ അംഗം മേജര്‍ ജനറല്‍ അജിത് നീലകണ്ഠന്‍ ആണ് അന്വേഷണ സംഘ തലവന്‍.നിതിന്റെ മരണത്തില്‍ ആരോപണവിധേയരായ ഡെന്റല്‍ അനാട്ടമി വിഭാഗം മേധാവി ഡോ. റാം, അസോസിയേറ്റ് പ്രൊഫസര്‍ ഡോ. സംഗീത എന്നിവരെ അന്വേഷണവിധേയമായി കോളേജ് സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇവര്‍ക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി പൊലീസ് കേസെടുത്തിട്ടുണ്ടായിരുന്നു. പട്ടികജാതി പട്ടികവര്‍ഗ്ഗ അതിക്രമ നിരോധന വകുപ്പും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
Read more
തിരുവനന്തപുരം ചാലക്കടവ് സ്വദേശിയായ നിതിന്‍ രാജ് അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയായിരുന്നു. വെള്ളിയാഴ്ചയാണ് കോളേജ് കെട്ടിടത്തില്‍ നിന്ന് വീണ നിലയിലാണ് നിതിനെ കണ്ടത്. ഉടന്‍ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കോളേജിലെ അധ്യാപകര്‍ നിതിനെ മാനസികമായി ഉപദ്രവിച്ചിരുന്നെന്നും അധിക്ഷേപിച്ചിരുന്നെന്നുമാണ് കുടുംബം പരാതി ഉന്നയിച്ചിരുന്നു. മകന്‍ ആത്മഹത്യ ചെയ്യില്ലെന്നാണ് കുടുംബം പ്രതികരിച്ചത്.







