കോവിഡ് പ്രതിസന്ധിയിൽ നിന്ന് കര കയറാൻ പുതിയ പദ്ധതികൾ പ്രഖ്യാപിച്ച് ധനമന്ത്രി; കോവിഡ് ബാധിത മേഖലയ്ക്ക് 1.1 ലക്ഷം കോടി രൂപയുടെ വായ്പാസഹായം

കോവിഡ് രണ്ടാം തരംഗം സൃഷ്ടിച്ച പ്രതിസന്ധി മറികടക്കാന്‍ എട്ടിന ദുരിതാശ്വാസ പദ്ധതികള്‍ പ്രഖ്യാപിച്ച് ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍. കോവിഡ് ബാധിത മേഖലകള്‍ക്കായി 1.10 ലക്ഷം കോടി രൂപയുടെ വായ്പ ഗ്യാരന്റി പദ്ധതി ധനമന്ത്രി പ്രഖ്യാപിച്ചു. സാമ്പത്തിക-ആരോഗ്യ മേഖലകള്‍ക്കാണ് പദ്ധതി. ഇതില്‍ നാല് പദ്ധതികള്‍ തികച്ചും പുതിയതും ഒന്ന് ആരോഗ്യ അടിസ്ഥാനസൗകര്യത്തെ ഉന്നമിട്ടാണെന്നും ധനമന്ത്രി പറഞ്ഞു.

ആരോഗ്യ മേഖലയില്‍ അടിസ്ഥാന സൗകര്യ വികസനത്തിന് 50000 കോടി രൂപയുടെ സഹായവും മറ്റു മേഖലകള്‍ക്കായി 60000 കോടി രൂപയുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ആരോഗ്യ മേഖലയ്ക്ക് 7.95 ശതമാനവും മറ്റു മേഖലകള്‍ക്ക് 8.25 ശതമാനവുമാണ് പലിശനിരക്ക്.

ക്രെഡിറ്റ് ഗ്യാരണ്ടി സ്‌കീമിന് കീഴില്‍ 25 ലക്ഷം പേര്‍ക്ക് പ്രയോജനം ലഭിക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങള്‍ വഴിയായിരിക്കും വായ്പ ലഭ്യമാകുന്നത്. പരമാവധി 1.25 ലക്ഷം രൂപയാണ് വായ്പയായി ലഭിക്കുക. 89 ദിവസം വരെ തിരിച്ചടവില്‍ വീഴ്ച വരുത്തിയവര്‍ക്ക് അടക്കം എല്ലാ വായ്പക്കാര്‍ക്കും ഇത് ലഭിക്കും.

ടൂറിസം മേഖലയെ പുനുരുജ്ജീവിപ്പിക്കാനുള്ള പുതിയ പദ്ധതികളും പ്രഖ്യാപനത്തിലുണ്ട്. വിസ വിതരണം പുനരാംഭിക്കുന്നതോടെ ആദ്യത്തെ അഞ്ചു ലക്ഷം ടൂറിസ്റ്റ് വിസകള്‍ സൗജന്യമായി നല്‍കും. 2022 മാര്‍ച്ച് 31 വരെയാകും ഈ പദ്ധതിയുടെ കാലാവധി. ഒരു ടൂറിസ്റ്റിന് ഒരു വിസ മാത്രമേ ലഭിക്കൂ. ട്രാവല്‍ ഏജന്‍സികള്‍ക്ക് പത്ത് ലക്ഷം രൂപ വായ്പ നല്‍കും. ലൈസന്‍സുള്ള ടൂറിസ്റ്റ് ഗൈഡുകള്‍ക്ക് ഒരു ലക്ഷം രൂപയുടെ വായ്പയും അനുവദിക്കുമെന്നും പ്രഖ്യാപനത്തില്‍ പറയുന്നു.