നിപയിൽ ആശ്വാസം; പുതിയ കേസുകളില്ല, പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമായി തുടരുന്നു

നിപ ബാധയിൽ സംസ്ഥാനത്തിന് ആശ്വാസം നൽകുന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. പുതിയ കേസുകൾ ഒന്നും തന്നെ ഇതുവരെ സ്ഥീരീകരിച്ചിട്ടില്ല. 1233 പേരാണ് ഇപ്പോൾ സമ്പർക്കപ്പട്ടികയിലുള്ളത്. 23 പേർ മെഡിക്കൽ കോളേജിൽ അഡ്മിറ്റ് ആയിട്ടുണ്ട്. ഐ എം സി എച്ചിൽ 4 പേർ അഡ്മിറ്റാണ്. ഹൈ റിസ്ക് സമ്പർക്കപ്പട്ടികയിലുള്ളത് 352 പേരാണ്. അവരിൽ 129 പേർ ആരോഗ്യ പ്രവർത്തകരാണ്.

അതേ സമയം 36 വവ്വാലുകളുടെ സാമ്പിളുകൾ പരിശോധനക്കായി ശേഖരിച്ച് അയച്ചിട്ടുണ്ട്. 24മണിക്കൂറും ലാബുകൾ പ്രവർത്തിക്കുന്നുണ്ടെന്നും ആരോഗ്യ മന്ത്രി അറിയിച്ചു. നിപ സ്ഥിരീകരിച്ച കോഴിക്കോട് ജില്ലയിൽ കർശന നിയന്ത്രണങ്ങൾ തുടരുകയാണ്. ജില്ലയിൽ വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് അനിശ്ചിത കാലത്തേക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. നിപ പ്രതിരോധം പാളി എന്നൊക്കെ പറയുന്നത് ആളുകളിൽ ആശങ്ക ഉണ്ടാക്കുമെന്നും ആരോഗ്യമന്ത്രി വീണ ജോർജ്ജ് ചൂണ്ടിക്കാണിച്ചു.

അതേ സമയം ഗുരുതരാവസ്ഥയിൽ തുടർന്നിരുന്ന 9 വയസ്സുകാരന്റെ വെന്റിലേറ്റർ സപ്പോർട്ട് താത്ക്കാലികമായി മാറ്റിയതായും മന്ത്രി അറിയിച്ചു. നിലവിൽ ഓക്സിജൻ സപ്പോർട്ടുണ്ട്. കഴിഞ്ഞ ദിവസം കുട്ടിയുടെ ആരോ​ഗ്യനിലയിൽ പുരോ​ഗതിയുണ്ടെന്ന് വാർത്ത പുറത്തുവന്നിരുന്നു.