ഇന്ധനനികുതിയില്‍ ഇളവുമായി ബി.ജെ.പി ഭരിക്കുന്ന ഒമ്പത് സംസ്ഥാനങ്ങള്‍

കേന്ദ്ര സര്‍ക്കാര്‍ പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവ കുറച്ചതിന് പിന്നാലെ ബി.ജെ.പി ഭരിക്കുന്ന ഒമ്പത്‌ സംസ്ഥാനങ്ങളും നികുതി കുറച്ചു. യു.പി, കര്‍ണാടക, ഹിമാചല്‍ പ്രദേശ്, ഗുജറാത്ത്, ഉത്തരാഖണ്ഡ്, ഗോവ, അസം ത്രിപുര, മണിപ്പൂര്‍ എന്നീ സംസ്ഥാനങ്ങളാണ് പെട്രോളിന്റെയും ഡീസലിന്റെയും മൂല്യവര്‍ദ്ധിത നികുതി(വാറ്റ്) കുറച്ചത്‌.

പെട്രോളിന് അഞ്ച് രൂപയും ഡീസലിന് 10 രൂപയുമാണ് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച ഇളവ്. രാജ്യവ്യാപക പ്രതിഷേധങ്ങൾക്ക് ഒടുവിലാണ് ഇന്ധന വില കുറയ്ക്കാൻ കേന്ദ്ര സർക്കാർ തയ്യാറായത്. പുതുക്കിയ വില അർദ്ധരാത്രി മുതൽ നിലവിൽ വന്നു. ഇതിന് പിന്നാലെ ഉത്തർപ്രദേശിൽ പെട്രോളിനും ഡീസലിനും 12 രൂപ വീതം മൂല്യവര്‍ദ്ധിത നികുതി കുറച്ചു. അസം, ത്രിപുര, മണിപ്പൂര്‍, കര്‍ണാടക, ഗോവ സംസ്ഥാനങ്ങള്‍ ഏഴ് രൂപ വീതം ഡീസലിനും പെട്രോളിനും മൂല്യവര്‍ധിത നികുതി കുറച്ചു.

പെട്രോളിന്റെ വാറ്റ് രണ്ട് രൂപ കുറച്ചതായി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി പ്രഖ്യാപിച്ചു. നികുതി കുറച്ച് ഉത്തരവ് ഉടന്‍ പുറത്തിറക്കുമെന്ന് ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി ജയ്‌റാം താക്കൂറും അറിയിച്ചു. ബിഹാറില്‍ പെട്രോളിന് 1.30 രൂപയും ഡീസലിന് 1.90 രൂപയുമാണ് വാറ്റ് കുറച്ചത്.

അതേസമയം കേന്ദ്ര സര്‍ക്കാര്‍ എക്‌സൈസ് തീരുവ കുറച്ചതിന് ആനുപാതികമായി സംസ്ഥാന നികുതിയും കുറയുമെന്നതിനാല്‍ നികുതിയില്‍ പ്രത്യേകമായ കുറവ് വരുത്തേണ്ടതില്ലെന്നാണ് കേരള സര്‍ക്കാരിന്റെ നിലപാട്.