രാത്രി കർഫ്യൂ ഇന്ന് മുതൽ; കർശന പരിശോധന നടക്കും, കെ.എസ്.ആർ.ടി.സി. ബസുകൾ ഓടും

സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി രാത്രി കർഫ്യൂ ഇന്ന് മുതൽ നിലവിൽവരും. രാത്രി 10 മണി മുതൽ രാവിലെ ആറ് മണി വരെയാണ് കർഫ്യൂ. അത്യാവശ്യ കാര്യങ്ങൾക്ക് മാത്രം അനുമതിയോടെ യാത്ര അനുവദിക്കുന്ന തരത്തിലാണ് കർഫ്യൂ നടപ്പാക്കുന്നത്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെയാണ് രാത്രിയാത്രാ നിയന്ത്രണം. കർഫ്യൂ ശക്തമാക്കാൻ കർശനപരിശോധനകൾക്ക് നിർദേശം നൽകിയിട്ടുണ്ട്.

അതേസമയം പകൽ സമയത്ത് സാധനങ്ങൾ വാങ്ങാനെത്തുന്നവരുടെ തിരക്ക് നിയന്ത്രിക്കുന്നതിനായി കടയുടമകളെ വിളിച്ചു ചേർത്തുള്ള പൊലീസിന്റെ യോഗവും ഉടനെ നടക്കും. കെ.എസ്.ആർ.ടി.സി. ബസ് സർവീസ് ഉണ്ടായിരിക്കുന്നതാണ്. പൊതുഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടില്ലാത്തതിനാലാണ് ഇതെന്ന് അധികൃതർ അറിയിച്ചു. ബസുകളെ സംബന്ധിച്ച വിവരങ്ങൾ ഓൺലൈൻ ബുക്കിങ് സൈറ്റിൽ ലഭിക്കും.

Read more

ജനസംഖ്യാനുപാതിക പ്രതിവാര രോഗനിരക്ക് ഏഴിൽ കൂടുതലുള്ള പ്രദേശങ്ങളിൽ തിങ്കളാഴ്ച മുതൽ ലോക്‌ഡൗണുണ്ടാകും. നേരത്തേ ഇത് എട്ടായിരുന്നു. നിയന്ത്രണം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് വിവിധ മേഖലകളിൽ നിന്നുള്ള വിദഗ്‌ദ്ധരെ വിളിച്ചുചേർത്തുള്ള നിർണായക യോഗവും നടക്കും.