നീറ്റ് പരീക്ഷ വിവാദം; കൊല്ലം ആയൂര്‍ കോളജില്‍ വന്‍ സംഘര്‍ഷം, ലാത്തിവീശി പൊലീസ്‌

നീറ്റ് പരീക്ഷയ്ക്ക് എത്തിയ വിദ്യാര്‍ത്ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ചെന്ന പരാതിയെ തുടര്‍ന്ന് കൊല്ലം ആയൂരിലെ മാര്‍ത്തോമാ കോളജിന്‍ വന്‍ സംഘര്‍ഷം. വിവിധ വിദ്യാര്‍ത്ഥി സംഘടനകളാണ് പ്രതിഷേധവുമായെത്തിയത്. കോളജിന് ഉള്ളിലേക്ക് തള്ളിക്കയറിയ പ്രതിഷേധക്കാര്‍ കോലജിലെ ജനല്‍ ചില്ലുകള്‍ അടിച്ചു തകര്‍ത്തു.

ബാരിക്കേഡ് തകര്‍ത്ത് കോളജില്‍ പ്രവേശിച്ച പ്രതിഷേധക്കാര്‍ പൊലീസിന് നേരെ കല്ലെറിഞ്ഞു. കെഎസ്. ഡിവൈഎഫ്‌ഐ, എബിവിപ്, എസ്എഫ്‌ഐ പ്രവര്‍ത്തകരാണ് പ്രതിഷേധിക്കുന്നത്. സംഘര്‍ത്തെ തുടര്‍ന്ന് പൊലീസ് പ്രതിഷേധക്കാര്‍ക്ക് നേരെ ലാത്തിവീശി സംഭവത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

രാവിലെ മുതല്‍ കോളജ് പരിസരത്ത് പ്രതിഷേധം നിലനില്‍ക്കുന്നുണ്ടായിരുന്നു. സംഭവത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്നാണ് കോളജ് അധികൃതര്‍ വിശദീകരിക്കുന്നത്. അതേസമയം സംഭവത്തില്‍ അന്വേഷണത്തിന് കേന്ദ്രം ഉത്തരവിട്ടു. സംഭവത്തെ കുറിച്ച് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്രപ്രധാന്‍ വിദ്യാഭ്യാസ അഡീഷനല്‍ സെക്രട്ടറിയോട് അടിയന്തരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

സംഭവത്തില്‍ പ്രതിഷേധം അറിയിച്ച് സംസ്ഥാന ഉന്നത വിദ്യാഭ്യാസ മന്ത്രി കേന്ദ്രത്തിന് കത്തയക്കുകയും കേരളത്തില്‍ നിന്നുള്ള എംപിമാര്‍ ലോക്സഭയില്‍ അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കുകയും ചെയ്ത സാഹചര്യത്തിലാണ് നടപടി. മുന്‍ പരിചയമില്ലാത്തവരാണ് കുട്ടികളെ പരിശോധിച്ചതെന്ന് പൊലീസ് പറയുന്നു. പത്ത് പേരാണ് സംഘത്തിലുണ്ടായിരുന്നത്. തിരുവനന്തപുരത്തെ സ്റ്റാര്‍ കണ്‍സള്‍ട്ടന്‍സി എന്ന സ്ഥാപനത്തിനാണ് നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി പരിശോധന ചുമതല നല്‍കിയത്.

എന്നാല്‍ ഈ സ്ഥാപനം ചുമതല കരുനാഗപ്പള്ളി സ്വദേശിക്ക് കൈമാറി. ഇദ്ദേഹം സുഹൃത്തിനും ചുമതല ഏല്‍പ്പിക്കുകയായിരുന്നു. പരീക്ഷ കഴിഞ്ഞു കോളേജില്‍ വച്ചു അടിവസ്ത്രം ഇടേണ്ടെന്ന് അധികൃതര്‍ പറഞ്ഞു എന്നതടക്കമുള്ള ആരോപണങ്ങള്‍ ഉന്നയിച്ചാണ് വിദ്യാര്‍ത്ഥിനികള്‍ പരാതി നല്‍കിയിരിക്കുന്നത്.