ഗ്യാസ് ഉപയോഗിച്ച് പാചകം ചെയ്യരുതെന്ന് പൊലീസ്; നിർ‌ദേശം നവകേരളസദസ് സമ്മേളനവേദിക്കരികിലെ കടകൾക്ക്

ആലുവയിൽ നവകേരളസദസിലെ സമ്മേളവേദിക്കരികിലെ ഹോട്ടലുകൾ ഉൾപ്പെടെയുള്ള കടകൾക്ക് നിർദേശവുമായി പൊലീസ്. മുഖ്യമന്ത്രി വരുന്ന ദിവസം സമ്മേളനവേദിക്ക് അരികിലെ കടകളിൽ ഗ്യാസ് ഉപയോഗിച്ച് പാചകം ചെയ്യരുതെന്നതാണ് നിർദ്ദേശം.

ആലുവ ഈസ്റ്റ് പൊലീസാണ് ഇതുസംബന്ധിച്ചുള്ള നോട്ടീസ് നൽകിയത്.അതേസമയം ഭക്ഷണം മറ്റ് ഇടങ്ങളിൽ പാചകം ചെയ്തെത്തിച്ച് വിൽക്കാൻ അനുവദിച്ചിട്ടുണ്ട്. ആലുവ ഈസ്റ്റ് പൊലീസ് കടക്കാർക്ക് നൽകിയ നോട്ടീസിന്റെ പകർപ്പ് മാധ്യമങ്ങൾ പുറത്തുവിട്ടു.

ആലുവയിൽ മുഖ്യമന്ത്രി എത്തുന്ന ദിവസം കടയിലെ ജീവനക്കാർ പൊലീസ് സ്റ്റേഷനിൽ നിന്ന് തിരിച്ചറിയൽ കാർഡ് വാങ്ങണമെന്നും പൊലീസ് നോട്ടീസിലുണ്ട്. തിരിച്ചറിയൽ കാർഡ് ഇല്ലാത്ത ജീവനക്കാരെ കടയിൽ അന്നേദിവസം ജോലിക്ക് നിർത്താൻ ആകില്ല എന്നാണ് പൊലീസ് നിലപാട്.