വിവാഹപ്രായം 21 ആക്കുന്നതിൽ ദുരൂഹത; സി.പി.എമ്മിന് ആശയക്കുഴപ്പമില്ലെന്നും കോടിയേരി

പെൺകുട്ടികളുടെ വിവാഹപ്രായം 18 വയസ്സിൽ നിന്ന് 21 ആക്കി ഉയർത്താനുള്ള കേന്ദ്ര കാബിനറ്റ് തീരുമാനത്തിൽ ദുരൂഹതയുണ്ടെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഇക്കാര്യത്തില്‍ സി.പി.ഐ.എമ്മില്‍ ആശയക്കുഴപ്പമില്ലെന്നും അദ്ദേഹം പറഞ്ഞു. അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ (AIDWA) നേരത്തെ തീരുമാനത്തിനെതിരെ രം​ഗത്തെത്തിയിരുന്നു.

ജനങ്ങളുടെ ഏറ്റവും അടിസ്ഥാന ആവശ്യങ്ങളായ പോഷകാഹാരം, വിദ്യാഭ്യാസം, തൊഴിൽ എന്നിവ നിറവേറ്റുന്നതിൽ കേന്ദ്ര സർക്കാർ പരാജയപ്പെട്ട ഇന്നത്തെ സാഹചര്യത്തിൽ സ്ത്രീശാക്തീകരണത്തിനായി നടത്തുന്ന ഈ നീക്കം തീർത്തും ഫലപ്രദമല്ല എ.ഐ.ഡി.ഡബ്‌ള്യൂ.എ പ്രസ്താവനയിൽ പറഞ്ഞു.

അതേസമയം കെ റെയില്‍ പദ്ധതിയില്‍ നിന്നും ഇനി പിന്നോട്ടില്ലെന്ന് സി.പി.ഐ.എം കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. കോണ്‍ഗ്രസ് എം.പി ശശി തരൂര്‍ പറഞ്ഞത് കേരളത്തിന്റെ പൊതു വികാരമാണെന്നും മറ്റ് കോണ്‍ഗ്രസ് നേതാക്കളെ പോലെ നിഷേധാത്മക സമീപനം തരൂരിന് ഇല്ലെന്നും കോടിയേരി പറഞ്ഞു.കോണ്‍ഗ്രസ് തന്നെ കൊണ്ടുവന്ന പദ്ധതി ആണിത്. എന്നാല്‍ എല്‍ഡിഎഫ് പദ്ധതി നടപ്പാക്കുന്നതില്‍ ആണ് കോണ്‍ഗ്രസിന് എതിര്‍പ്പെന്നും മുന്നണിയില്‍ പ്രശ്‌നം ഇല്ലെന്നും അദ്ദേഹം പറഞ്ഞു.