എന്റെ 'കാര്‍' സ്വന്തമാക്കിയ വിശ്വനാഥ മേനോന്‍

സെബാസ്റ്റ്യന്‍ പോള്‍

ജോര്‍ജ് ഈഡന്റെ മരണാനന്തരം എറണാകുളത്തു നടന്ന ഉപതിരഞ്ഞെടുപ്പില്‍ ഇടതുപക്ഷ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി ഞാന്‍ മത്സരിക്കുമ്പോള്‍ അപ്രതീക്ഷിതമായി മറ്റൊരു സ്വതന്ത്ര സ്ഥാനാര്‍ത്ഥി രംഗത്തെത്തി. വി വിശ്വനാഥ മേനോന്‍ ആയിരുന്നു ആ സ്ഥാനാര്‍ത്ഥി. 1967ല്‍ സിപിഎം സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് ലോക്സഭയിലെത്തിയ വിശ്വനാഥ മേനോന്‍ ബിജെപിയുടെയും സിപിഎം വിമതരുടെയും പിന്തുണയോടെ മത്സരിച്ചുവെന്നതായിരുന്നു അദ്ദേഹത്തിന്റെ സ്ഥാനാര്‍ത്ഥിത്വത്തിലെ അപ്രതീക്ഷിതത്വം.
1997 മുതല്‍ ഞാന്‍ സ്വന്തമാക്കിയിരുന്ന സ്വതന്ത്ര ചിഹ്നമായിരുന്നു “കാര്‍”. 2003ല്‍ വിശ്വനാഥ മേനോന്‍ കാര്‍ ആവശ്യപ്പെടുകയും നറുക്കെടുപ്പിലൂടെ അദ്ദേഹത്തിന് അത് ലഭിക്കുകയും ചെയ്തു. പകരം എനിക്ക് ലഭിച്ച ചിഹ്നമായിരുന്നു കെ കരുണാകരന്‍ പ്രസിദ്ധമാക്കിയ “ടെലിവിഷന്‍”.

മഹാരാജാസ് കോളജില്‍ സ്വാതന്ത്ര്യദിനത്തില്‍ പതാക ഉയര്‍ത്തിയ യുവവിപ്ലവകാരി, ഇടപ്പള്ളി പൊലീസ് സ്റ്റേഷന്‍ ആക്രമണക്കേസിലെ പ്രതി എന്നിങ്ങനെ പല നിലകളിലും പ്രസിദ്ധനായിരുന്നു അക്കാലത്ത് അമ്പാടി വിശ്വം എറിയപ്പെട്ടിരുന്ന വിശ്വനാഥ മേനോന്‍. പിന്നീട് അദ്ദേഹം വി വിശ്വനാഥ മേനോന്‍ ആയി. ലോക്സഭയിലും രാജ്യസഭയിലും നിയമസഭയിലും സിപിഎം അംഗമായി. നായനാര്‍ മന്ത്രിസഭയില്‍ ധനമന്ത്രിയായി. പക്ഷേ ഒടുവില്‍ അദ്ദേഹം സിപിഎമ്മിന് അനഭിമതമായ ചേരിയിലായി.

2003ലെ ഉപതിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ ലോക്സഭയുടെ അവശേഷിക്കുന്ന കാലം ഏതാനും മാസങ്ങള്‍ മാത്രമായിരുന്നു. സ്വന്തം പ്രസ്ഥാനത്തെയും പ്രത്യയശാസ്ത്രത്തെയും നിരാകരിച്ച് നിഷ്ഫലമായ ആ രാഷ്ട്രീയ വ്യായാമത്തിന് അദ്ദേഹം ഇറങ്ങിത്തിരിച്ചത് എന്തിനു വേണ്ടിയായിരുന്നു എന്ന ചോദ്യത്തിന് അന്നും ഇന്നും ഉത്തരമില്ല.
വിശ്വനാഥ മേനോന്റെ മരണം ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്ക് തീരാനഷ്ടമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. വാസ്തവത്തില്‍ ആ നഷ്ടം സംഭവിച്ചത് 2003ല്‍ ആയിരുന്നു.