എംവി ഗോവിന്ദൻ, ബിനോയ് വിശ്വം, കടകംപളളി, മുഹമ്മദ് ഷിയാസ്... പൊതുവഴി തടസപ്പെടുത്തിയ കേസിൽ ഇന്ന് ഹെക്കോടതിയിൽ ഹാജരാകേണ്ടത് നേതാക്കളുടെ വലിയ നിര

സംസ്ഥാനത്തെ വിവിധയിടങ്ങളിലെ പൊതുവഴി തടസപ്പെടുത്തി സമരവും സമ്മേളനവും നടത്തിയ കേസിൽ ഹൈക്കോടതിയെടുത്ത കോടതിയലക്ഷ്യ നടപടി ഇന്ന് വീണ്ടും പരിഗണിക്കും. വഞ്ചിയൂരിൽ സിപിഎം ഏരിയ സമ്മേളനത്തിന് വഴിതടഞ്ഞ് സ്റ്റേജ് കെട്ടിയതിൽ കേസെടുത്തതിന് പിന്നാലെയാണ് കൊച്ചിയിലും തിരുവനന്തപുരം സെക്രട്ടറിയേറ്റ് പരിസരത്തും സമരം ചെയ്ത കോൺഗ്രസ്, സിപിഐ നേതാക്കൾക്കെതിരെയും പൊലീസ് നടപടിയെടുത്തത്.

കേസിൽ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ, മുൻ മന്ത്രി എം വിജയകുമാർ, എംഎൽഎമാരായ വി ജോയ്, കടകംപളളി സുരേന്ദ്രൻ, വികെ പ്രശാന്ത്, മുൻ എംപി എ സമ്പത്ത് എന്നിവരോടും മുൻ എംപി ബിനോയ് വിശ്വം, മുൻ എംഎൽഎ പന്ന്യൻ രവീന്ദ്രൻ, കോൺഗ്രസ് നേതാക്കളായ മുഹമ്മദ് ഷിയാസ്, ടിജെ വിനോദ്, ഡൊമിനിക് പ്രസൻറേഷൻ, പൊലീസ് ഉദ്യോഗസ്ഥരായ ജി സ്പർജൻകുമാർ, പുട്ട വിമാലാദിത്യ എന്നിവരോടും ഇന്ന് നേരിട്ട് ഹാജരാകാൻ കോടതി ആവശ്യപ്പെട്ടിരിക്കുകയാണ്.

നേതാക്കൾ ഹാജരാകുന്ന കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയും പ്രതീക്ഷിക്കേണ്ട എന്നാണ് കോടതി വ്യക്തമാക്കിയത്. ഇത്തരം വിഷയങ്ങൾ ലഘുവായി എടുക്കാൻ പറ്റില്ല. ഇത്തരത്തിൽ റോ‍ഡ് കയ്യേറിയും മറ്റും സമരങ്ങളും പരിപാടികളുമൊക്കെ സംഘടിപ്പിക്കുന്നത് ആവർത്തിച്ചുകൊണ്ടിരിക്കുകയാണെന്നും കോടതി പറഞ്ഞു. കോടതിയിൽ ഹാജരാകുന്നതിൽ നിന്ന് ചീഫ് സെക്രട്ടറി, സംസ്ഥാന ഡിജിപി എന്നിവരെ മാത്രം ഒഴിവാക്കുന്നു എന്നും കോടതി വ്യക്തമാക്കി.