രാജീവ് ചന്ദ്രശേഖറിന്റെ ലക്ഷ്യം കേരളത്തെ കലാപഭൂമിയാക്കുക; വര്‍ഗീയ ധ്രുവീകരണം സൃഷ്ടിക്കാന്‍ ശ്രമിച്ചു; കേന്ദ്രമന്ത്രിക്കെതിരെ സിപിഎം

കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിന്റെ പ്രസ്താവന അങ്ങേയറ്റം അപലപനീയമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. ഒരു കേന്ദ്രമന്ത്രി എന്ന നിലയില്‍ നിരുത്തരവാദപരമായ സമീപനമാണ് അദ്ദേഹത്തില്‍ നിന്നും ഉണ്ടായത്. സര്‍ക്കാര്‍ സംവിധാനങ്ങളില്‍ നിന്ന് നിജസ്ഥിതി ലഭിക്കുമെന്നിരിക്കെ ഇത്തരമൊരു പ്രസ്താവന നടത്തിയതിന്റെ ഉദ്ദേശം വര്‍ഗീയ ധ്രുവീകരണം സൃഷ്ടിക്കുക എന്നതു തന്നെയാണ്. കേരളത്തെ കലാപഭൂമിയാക്കുക എന്ന ലക്ഷ്യമായിരുന്നു പിന്നില്‍. എന്നാല്‍ ഈ നീക്കം കേരളം തകര്‍ത്തുവെന്നും അദേഹം പറഞ്ഞു.

കളമശേരിയില്‍ അങ്ങേയറ്റം ദൗര്‍ഭാഗ്യകരമായ സംഭവമാണ് നടന്നത്. സംസ്ഥാനം ഒന്നടങ്കം വിഷമിച്ച ഈ കാര്യത്തില്‍ വര്‍ഗീയ ധ്രുവീകരണം സൃഷ്ടിക്കാനാണ് ചില ശക്തികള്‍ ശ്രമിച്ചത്. ഇതിനെ അത്യന്തം ഗൗരവമായിട്ടാണ് കാണേണ്ടനത്. സംസ്ഥാനത്ത് വര്‍ഗീയ സംഘര്‍ഷം സൃഷ്ടിച്ച് രാഷ്ട്രീയ നേട്ടമുണ്ടാക്കാനാകുമോ എന്നുള്ള ചിലരുടെ ഉള്ളിലിരിപ്പാണ് ഇതിലൂടെ പുറത്തു വന്നത്. കേരളത്തിലെ എല്ലാ വിഭാഗങ്ങളും വര്‍ഗീയ ധ്രുവീകരണം സൃഷ്ടിക്കുന്ന നിലപാടുകളെ ഒറ്റക്കെട്ടായാണ് എതിര്‍ത്ത് നിലകൊണ്ടത്. ഭരണ പക്ഷവും പ്രതിപക്ഷവുമെല്ലാം ഇക്കാര്യത്തില്‍ യോജിച്ച നിലപാട് സ്വീകരിച്ചു. കേരളത്തിന്റ മതനിരപേക്ഷ രാഷ്ട്രീയത്തിന്റെ കരുത്ത് ഒരിക്കല്‍ കൂടി വ്യക്തമാക്കുന്ന ഒന്നായിരുന്നു ഇത്.

സംസ്ഥാനസര്‍ക്കാര്‍ നടത്തിയ ഇടപെടല്‍ ഇക്കാര്യത്തില്‍ ശ്ലാഘനീയമാണ്. സര്‍വകക്ഷിയോഗം വിളിച്ച് മുഖ്യമന്ത്രി തന്നെ നേതൃത്വം നല്‍കിയ നിലപാട് പൊതുവായ ഐക്യനിര രൂപപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായിരുന്നു. കേരള ജനത മതനിരപേക്ഷതയില്‍ ഉറച്ചുനിന്നുകൊണ്ടും രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ അതിന് നേതൃത്വം നല്‍കുന്ന തരത്തില്‍ തന്നെയും ഉയര്‍ന്ന് പ്രവര്‍ത്തിച്ചു. അഭിമാനകരമായ നിലപാടാണ് കേരളം കൈക്കൊണ്ടത്. ഒരു തരത്തിലുള്ള ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്കും വര്‍ഗീയ ധ്രുവീകരണത്തിനുള്ള ഇടപെടലുകള്‍ക്കും ഇവിടെ സ്ഥാനമില്ലെന്ന നിലപാടാണ് കേരളം നടത്തിയത്.