ഏഷ്യാനെറ്റ് ന്യൂസിന്റെ മുതലാളിമാര്‍ കോര്‍പ്പറേറ്റുകള്‍; ബി.ജെ.പി രാഷ്ട്രീയത്തിന്റെ ഭാഗം; മാധ്യമങ്ങള്‍ അജണ്ട നിശ്ചയിക്കേണ്ടന്ന് എം.വി ഗോവിന്ദന്‍

കേരളത്തിലെ മാധ്യമങ്ങള്‍ക്ക് കൃത്യമായ രാഷ്ട്രീയമുണ്ട്, ആ രാഷ്ട്രീയത്തോടെയുള്ള ചോദ്യങ്ങള്‍ക്ക് വിധേയമാകേണ്ട ആവശ്യം പാര്‍ട്ടിക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍.

ആര്‍ക്കെങ്കിലും എന്തെങ്കിലും വെളിപ്പെടുത്താനുണ്ടെങ്കില്‍ അത് മുഴുവന്‍ വെളിപ്പെടുത്തിക്കോട്ടെ. മാധ്യമങ്ങള്‍ക്ക് ഉണ്ടെങ്കില്‍ അതും വെളിപ്പെടുത്താം. സിപിഎമ്മിന് ഒന്നും ഭയപ്പെടാനില്ല. ഇത്തരം ആരോപണങ്ങള്‍ സിപിഎം ഗൗരവത്തില്‍ എടുത്തിട്ടില്ല. എന്തെങ്കിലും വന്നാല്‍ അതിന് കൃത്യമായി മറുപടി പറഞ്ഞ് പോകും.

കള്ളപ്രചാരകരെ സംഘടിപ്പിക്കുന്നതില്‍ ഏഷ്യാനെറ്റിനെപ്പോലെ മിടുക്കുള്ള ഒരു മാധ്യമം ഭൂമുഖത്തുണ്ടോ എന്ന് സംശയമാണ്. മാധ്യമങ്ങള്‍ അജന്‍ഡ നിശ്ചയിക്കേണ്ട. സിപിഎമ്മിന്റെ അജന്‍ഡ പാര്‍ട്ടി തീരുമാനിക്കും. അതുവച്ച് കമ്മിറ്റികള്‍ ചേരുമെന്നും ഗോവിന്ദന്‍ പറഞ്ഞു.

മാധ്യമങ്ങള്‍ അജന്‍ഡ നിശ്ചയിക്കേണ്ടതില്ല. പാര്‍ട്ടിയുടെ അജന്‍ഡ പാര്‍ട്ടി നിശ്ചയിക്കും. ഏഷ്യാനെറ്റിന്റെ മുതലാളിമാര്‍ ബിജെപിയുടെ രാഷ്ട്രീയത്തിന്റെ ഭാഗമാണ്. കോര്‍പ്പറേറ്റുകളാണ്. കോര്‍പ്പറേറ്റുകള്‍ ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത് സ്വന്തം നിലയില്‍ മാധ്യമസ്ഥാപനങ്ങള്‍ നടത്തുക എന്നതാണെന്ന് എംവി ഗോവിന്ദന്‍ പറഞ്ഞു.