പ്രധാന പ്രതികളെ രക്ഷിക്കാൻ എന്‍.ടി.സാജൻ ഇടപെടൽ നടത്തിയെന്ന് കണ്ടെത്തൽ; ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിക്കാതെ സർക്കാർ

മുട്ടിൽ മരംകൊള്ള കേസിൽ ആരോപണവിധേയനായ വനം വകുപ്പ് ഉദ്യോഗസ്ഥനെതിരെ സുപ്രധാന കണ്ടെത്തലുകള്‍ ഉണ്ടായിട്ടും നിയമനടപടി സ്വീകരിക്കാതെ സർക്കാർ. കേസിൽ ആരോപണവിധേയനായ  ഫോറസ്ട്രി കണ്‍സര്‍വേറ്റര്‍ എന്‍.ടി.സാജന് നേരത്തെയും സമാനമായ കേസില്‍ പങ്കുള്ളതായി വിജിലന്‍സ് റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്.

പ്രധാന പ്രതികളെ രക്ഷിക്കാൻ വേണ്ടി എന്‍.ടി സാജന്‍ കീഴുദ്യോഗസ്ഥരെ കള്ളക്കേസിൽ കുടുക്കിയെന്ന് വനം വകുപ്പ് തന്നെ കണ്ടെത്തിയിരുന്നു. മേപ്പാടി റേഞ്ച് ഓഫീസറെ കുടുക്കാൻ, താത്ക്കാലിക ഡ്രൈവറെ ഭീഷണിപ്പെടുത്തി സാജൻ വ്യാജമൊഴി പറയിപ്പിച്ചെന്നും അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു.2021 ഫെബ്രുവരി 17ാം തീയതി ഉത്തരമേഖല ചീഫ് കണ്‍സര്‍വേറ്റര്‍ ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് സര്‍ക്കാരിനു സമര്‍പ്പിച്ചതാണ്. എന്നാല്‍ മൂന്നര മാസം പിന്നിട്ടിട്ടും സാജനെതിരെ നടപടിയുണ്ടാവുകയോ വിശദീകരണം ആരായുകയോ ബന്ധപ്പെട്ടവര്‍ ചെയ്തിട്ടില്ല.

അതേസമയം മുട്ടില്‍ മരംമുറിയുമായി ബന്ധമില്ലെന്നാണ് സാജൻ പറയുന്നത്.  ആരോപണങ്ങള്‍ കളളമാണെന്നും റേഞ്ച് ഓഫിസര്‍മാരെ ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും സാജൻ പറയുന്നു. സിസിഎഫ് വിനോദ് കുമാറിന്റെ റിപ്പോര്‍ട്ടില്‍ തനിക്കെതിരെയുള്ള ഭാഗങ്ങള്‍ അവാസ്തവമാണെന്നും മരംമുറിയില്‍ ചില വനം വകുപ്പ് ജീവനക്കാര്‍ കുറ്റക്കാരാണെന്ന് ഉറപ്പുണ്ടെന്നും എന്‍.ടി.സാജന്‍ പറഞ്ഞു.