ജുമയ്ക്ക് നേതൃത്വം നല്‍കിയ മുസ്ലീം സ്ത്രീക്ക് വധഭീഷണി, പേടിയില്ലെന്ന് ജാമിദ

ജുമ നമസ്‌ക്കാരത്തിന് നേതൃത്വം നല്‍കിയ മലപ്പുറത്തെ ജാമിദ ടീച്ചര്‍ക്ക് വധഭീഷണി. ഇന്ത്യയില്‍ ആദ്യമായി ഒരു വനിത ജുമയ്ക്ക് നേൃത്വം നല്‍കി എന്നതാണ് ജാമിദയുടെ പേരിലുള്ള നേട്ടമായി പറയപ്പെടുന്നത്. ബ്രിട്ടീഷ് പത്രമായ ദ് ഗാര്‍ഡിയനാണ് ജാമിദയ്ക്ക് വധഭീഷണിയെന്ന വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

“ഞാന്‍ വിശ്വസിക്കുന്നത് ഖുറ്ആനിലാണ്. വിശുദ്ധഗ്രന്ധം പഠിപ്പിക്കുന്നത് ലിംഗസമത്വമാണ്. സ്ത്രീകള്‍ക്ക് നേരെയുള്ള ഇത്തരം വിവേചനങ്ങള്‍ മനുഷ്യനിര്‍മ്മിതമാണ്. അതിന് നേതൃത്വം കൊടുത്തത് ആകട്ടെ പുരുഷ മതപണ്ഡിതന്മാരും. എന്റെ ഉദ്ദേശ്യം ഇത് മാറ്റുക എന്നതാണ്” – ജാമിദ പറഞ്ഞു.

സാധാരണയായി മുസ്ലീം ജുമാ നമസ്‌ക്കാരത്തിന് നേതൃത്വം നല്‍കുന്നത് ഇമാമാണ്. സ്ത്രീകള്‍ മാത്രമുള്ള നിസ്‌ക്കാരങ്ങള്‍ക്കേ സ്ത്രീകള്‍ നേതൃത്വം കൊടുക്കാറുള്ളു. ജാമിദ നയിച്ച ജുമാ നിസ്‌ക്കാരത്തില്‍ പുരുഷന്മാരായിരുന്നു ഉണ്ടായിരുന്നത്.

പുരുഷന്മാര്‍ മാത്രമെ നിസ്‌ക്കാരത്തിന് നേതൃത്വം കൊടുക്കാവു എന്ന് ഖുറ്ആനില്‍ പറയുന്നില്ലെന്ന് ജാമിദ പറയുന്നു. ഖുറ്ആനില്‍ മാത്രമാണ് ജാമിദ വിശ്വസിക്കുന്നത്. ഹാദിത്തില്‍ അവര്‍ വിശ്വസിക്കുന്നില്ല. മാറ്റങ്ങളെ അംഗീകരിക്കാന്‍ തയാറല്ലാത്ത തീവ്രവിശ്വാസികളാണ് തനിക്കെതിരെ ഭീഷണി മുഴക്കുന്നതെന്ന് ജാമിദ പറയുന്നു. “വാട്ട്‌സ്ആപ്പിലും, ഫെയ്‌സ്ബുക്കിലും യൂട്യൂബിലും എല്ലായിടത്തും എനിക്ക് വധഭീഷണികളാണ്, പക്ഷെ എനിക്ക് പേടിയില്ല” – ജാമിദ പറഞ്ഞു.