വാല്‍പ്പാറയില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനിയുടെ കൊലപാതകം; പ്രതിയ്ക്ക് ഇരട്ട ജീവപര്യന്തം വിധിച്ച് എറണാകുളം പോക്‌സോ കോടതി

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വാല്‍പ്പാറയിലെത്തിച്ച് കൊലപ്പെടുത്തിയ പ്രതിയ്ക്ക് ഇരട്ട ജീവപര്യന്തം. കൊച്ചിയിലെ പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ കൊലപ്പെടുത്തിയ കേസിലാണ് നെട്ടൂര്‍ സ്വദേശി സഫര്‍ഷായെ എറണാകുളം പോക്‌സോ കോടതി ശിക്ഷിച്ചത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയ്‌ക്കെതിരെയുള്ള ലൈംഗിക പീഡനം, കൊലപാതകം എന്നീ വകുപ്പുകള്‍ക്കാണ് ജീവപര്യന്തം ശിക്ഷ.

പെണ്‍കുട്ടിയെ കൊലപ്പെടുത്താനായി തട്ടിക്കൊണ്ട് പോകല്‍, തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ക്ക് വര്‍ഷം തടവും വിധിച്ചിട്ടുണ്ട്. അഞ്ച് വര്‍ഷത്തെ ശിക്ഷയ്ക്ക് ശേഷമായിരിക്കും ജീവപര്യന്തം ശിക്ഷ ആരംഭിക്കുക. 2020 ജനുവരി ഏഴിനാണ് കൊച്ചിയില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനിയായിരുന്ന പെണ്‍കുട്ടിയെ സഫര്‍ഷാ കാറില്‍ കടത്തിക്കൊണ്ട് പോയി കൊലപ്പെടുത്തിയത്. പെണ്‍കുട്ടി സൗഹൃദത്തില്‍ നിന്ന് പിന്മാറിയതായിരുന്നു കൊലപാതകത്തിന് പ്രേരണയായതെന്നായിരുന്നു പ്രതിയുടെ മൊഴി.

സംഭവം നടന്ന ദിവസം ഉച്ചയോടെ പെണ്‍കുട്ടിയെ കാറില്‍ കയറ്റി ഇയാള്‍ അതിരപ്പള്ളി മലക്കപ്പാറ ഭാഗത്തേക്ക് കൊണ്ടുപോയി. കാറിനുള്ളില്‍ വച്ച് പ്രതി പെണ്‍കുട്ടിയെ കുത്തി കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് മൃതദേഹം മലക്കപ്പാറയ്ക്ക് സമീപമുള്ള കാപ്പിത്തോട്ടത്തില്‍ ഉപേക്ഷിച്ചു. കൊലപാതകം നടത്തിയ ദിവസം തന്നെ പ്രതി പൊലീസ് പിടിയിലായിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് കാപ്പിത്തോട്ടത്തില്‍ നിന്ന് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.