മൈലപ്രയിലെ വ്യാപാരിയുടെ കൊലപാതകം; ഒരാള്‍ കൂടി പിടിയിലായി

പത്തനംതിട്ട മൈലപ്രയില്‍ വ്യാപാരിയെ കൊലപ്പെടുത്തി കവര്‍ച്ച നടത്തിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റിലായി. ഇതോടെ കേസില്‍ അറസ്റ്റിലായ പ്രതികളുടെ എണ്ണം നാലായി. പ്രതികള്‍ മോഷ്ടിച്ച കൊല്ലപ്പെട്ട വ്യാപാരിയുടെ സ്വര്‍ണമാല പണയം വയ്ക്കാന്‍ സഹായിച്ച ആളാണ് ഒടുവില്‍ പിടിയിലായത്.

സംഭവത്തില്‍ പ്രതികളുടെ എണ്ണം ഇനിയും വര്‍ദ്ധിക്കുമെന്നും കൊലയ്ക്ക് സഹായിച്ചവരെയും കസ്റ്റഡിയിലെടുക്കുമെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്. കേസില്‍ നേരത്തെ രണ്ട് തമിഴ്‌നാട് സ്വദേശികളും ഒരു പത്തനംതിട്ട സ്വദേശിയും പിടിയിലായിരുന്നു. നിലവില്‍ കസ്റ്റഡിയിലുള്ള പ്രതികളെ സഹായിച്ചവരെയും പിടികൂടുമെന്ന് പൊലീസ് അറിയിച്ചു.

കൊലപാതകം നടന്ന് ഒരാഴ്ച പിന്നിട്ട ശേഷമാണ് കേസിലെ പ്രതികള്‍ പിടിയിലാകുന്നത്. പ്രധാന പ്രതികളും തമിഴ്‌നാട് സ്വദേശികളുമായ മുരുകന്‍, ബാലസുബ്രഹ്‌മണ്യന്‍ എന്നിവരെ തെങ്കാശിയില്‍ നിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇരുവരും സ്ഥിരം കുറ്റവാളികളാണ്. പത്തനംതിട്ട സ്വദേശിയായ ഓട്ടോഡ്രൈവര്‍ ഹാരിബ് പിടിയിലായതോടെയാണ് പൊലീസ് പ്രധാന പ്രതികളിലേക്കെത്തുന്നത്.

പ്രതികള്‍ കൃത്യത്തിന് ശേഷം ഹാരിബിന്റെ ഓട്ടോറിക്ഷയില്‍ രക്ഷപ്പെടുകയായിരുന്നു. മറ്റൊരു കേസില്‍ ജയിലില്‍ കഴിയുമ്പോഴാണ് ഹാരിബ് മുരുകനെയും ബാലസുബ്രഹ്‌മണ്യനെയും പരിചയപ്പെടുന്നത്. തുടര്‍ന്ന് മൂവരും ഗൂഢോലചന നടത്തിയാണ് വ്യാപാരിയെ കൊലപ്പെടുത്തിയ ശേഷം സ്വര്‍ണവും പണവും അപഹരിച്ചത്.