കൊച്ചി ഫ്‌ളാറ്റിലെ കൊലപാതകം; അര്‍ഷാദിന്റെ ഫോണ്‍ ഓഫായത് ഇന്നലെ വൈകിട്ട്, തിരച്ചില്‍ ഊര്‍ജ്ജിതമാക്കി പൊലീസ്

കൊച്ചിയില്‍ ഫ്‌ളാറ്റിനുള്ളില്‍ യുവാവിന്റെ മൃതദേഹം ഒളിപ്പിച്ച നിലയില്‍ കണ്ടെത്തിയ കേസില്‍ കാണാതായ കോഴിക്കോട് പയ്യോളി സ്വദേശി അര്‍ഷാദിനായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കി പൊലീസ്. മലപ്പുറം വണ്ടൂര്‍ സ്വദേശി സജീവ് കൃഷ്ണയെയാണ് ഇന്നലെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇയാള്‍ക്കൊപ്പം താമസിച്ചിരുന്നയാളാണ് അര്‍ഷാദ്. ഇന്നലെ വൈകുന്നേരമാണ് ക1ലപാതക വിവരം പുറത്തറിഞ്ഞത്. ഇതിന് പിന്നാലെയാണ് അര്‍ഷാദിന്റെ ഫോണ്‍ ഓഫായതെന്ന് പൊലീസ് പറയുന്നു.

തേഞ്ഞിപ്പാലത്തിന് സമീപമാണ് ഫോണ്‍ ഓഫായതെന്നും പൊലീസ് പറയുന്നു. അര്‍ഷാദിനായി ബന്ധുവീടുകളില്‍ പോലീസ് പരിശോധന നടത്തുകയാണ്. അതേസമയം കൊലപാതകം നടന്നത് ഈ മാസം 12 നും 16 നും ഇടയില്‍ ആണെന്നും എഫ് ഐ ആറില്‍ പറയുന്നു. കാല്ലപ്പെട്ട സജീവ് കൃഷ്ണന്റെ മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി കളമശേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റിയിരിക്കുകയാണ്.

ഇന്നലെയാണ് കാക്കനാട് ഇന്‍ഫോ പാര്‍ക്ക് പരിസരത്തുള്ള ഫ്ളാറ്റില്‍ കൊല്ലപ്പെട്ട നിലയില്‍ മലപ്പുറം സ്വദേശി സജീവ് കൃഷ്ണന്റെ മൃതദേഹം കണ്ടെത്തിയത്. ഹോട്ടല്‍ ജീവനക്കാരനായിരുന്നു സജീവ്. ശരീരമാസകലം കുത്തേറ്റ സജീവ് കൃഷ്ണയുടെ മൃതദേഹം പുതപ്പുകൊണ്ട് പൊതിഞ്ഞ് വരിഞ്ഞു കെട്ടിയ നിലയില്‍ . പൈപ്പ് ഡെക്റ്റിനുള്ളില്‍ നിന്നാണ് കണ്ടെത്തിയത്.

ഇടച്ചിറയിലെ ഓക്‌സോണിയ എന്ന ഫ്‌ലാറ്റിന്റെ 16 -ാം നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. സജീവിനൊപ്പം താമസിച്ചിരുന്ന അര്‍ഷാദാണ് കൊലപാതകം ചെയ്തത് എന്നാണ് പൊലീസ് സംശയിക്കുന്നത്. അര്‍ഷാദ് ഈ ഫ്‌ളാറ്റിലെ സ്ഥിര താമസക്കാരനായിരുന്നില്ല. സ്ഥിരതാമസക്കാരന്‍ ആയിരുന്ന അംജാദ് എന്നയാളുടെ സുഹൃത്താണ് അര്‍ഷാദ്. ഹോട്ടല്‍ മാനേജ്‌മെന്റ് കോഴ്‌സ് പഠിക്കാനായാണ് 22 കാരനായ സജീവ് കൃഷ്ണ കൊച്ചിയിലെത്തിയത്.