മുരളീധരന്‍ നേമത്ത് കരുത്തനായ പ്രതിയോഗി, രാഷ്ട്രീയ പാരമ്പര്യമുള്ള നേതാവ്: ഒ. രാജഗോപാല്‍

 

നിയമസഭാ തിരഞ്ഞെടുപ്പിൽ നേമത്ത് കോണ്‍ഗ്രസ് സ്ഥാനാർത്ഥി കെ മുരളീധരന്‍ കരുത്തനായ പ്രതിയോഗിയാണെന്ന് ബിജെപി മുതിർന്ന നേതാവ് ഒ രാജഗോപാല്‍. സാക്ഷാല്‍ കരുണാകരന്റെ മകനാണ് മുരളീധരന്‍, ശക്തമായ രാഷ്ട്രീയ പാരമ്പര്യമുള്ള നേതാവാണ് അദ്ദേഹമെന്നും രാജഗോപാല്‍ മാധ്യമങ്ങളോട് പറഞ്ഞു. നേമത്തെ ബിജെപി സ്ഥാനാർത്ഥി കുമ്മനം രാജശേഖരനെ അടുത്തിരുത്തിയായിരുന്നു ഒ രാജഗോപാലിന്റെ പ്രതികരണം.

കുമ്മനം രാജശേഖരൻ തന്റെ പിൻഗാമിയാണെന്ന് പറയാൻ കഴിയില്ലെന്നും നേരത്തെ ഒ രാജഗോപാല്‍ പറഞ്ഞിരുന്നു. പാർട്ടിയോടുള്ള അഭിപ്രായവ്യത്യാസം കൊണ്ടല്ല ഇത്തവണ തിരഞ്ഞെടുപ്പിൽ മത്സരിക്കാത്തതെന്നും തനിക്ക് പ്രായമായതിനാൽ ആണെന്നും രാജഗോപാല്‍ വ്യക്തമാക്കിയിരുന്നു. തനിക്കിപ്പോൾ 93 വയസ്സായെന്നും മുമ്പ് തോൽക്കുമെന്ന് ഉറപ്പായിട്ടുള്ള സ്ഥലങ്ങളിലും താൻ മത്സരിച്ചിരുന്നുവെന്നും രാജഗോപാല്‍ പറഞ്ഞു.

കുമ്മനം രാജശേഖരൻ ഇന്ന് മുതൽ നേമം മണ്ഡലത്തില്‍ തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചു. പ്രചരണം ആരംഭിക്കുന്നതിന് മുന്നോടിയായാണ് സിറ്റിംഗ് എംഎല്‍എയും മുതിര്‍ന്ന ബിജെപി നേതാവുമായ ഒ രാജഗോപാലിനെ വസതിയിലെത്തി കുമ്മനം കണ്ടത്‌. കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുന്നതിനിടെയാണ് കെ മുരളീധരനെ പ്രകീർത്തിച്ച് ഒ രാജഗോപാല്‍ സംസാരിച്ചത്.

നേമത്ത് ശക്തമായ മത്സരം നടക്കും. കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റുമല്ലാത്തൊരു പാര്‍ട്ടി ജയിച്ച മണ്ഡലമാണ് നേമം. അത് രണ്ടു പാര്‍ട്ടിക്കും വെല്ലുവിളിയാണ്. മത്സരത്തിനില്ലെങ്കിലും തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളില്‍ സജീവമായി പങ്കെടുക്കുമെന്നും ഒ രാജഗോപാല്‍ പറഞ്ഞു.