ആര്‍.എം.പിയെ ചാക്കിട്ട് പിടിക്കാന്‍ യു.ഡി.എഫ്; മുന്നണിയിലേക്ക് ക്ഷണിച്ച് മുല്ലപ്പള്ളിയും കുഞ്ഞാലിക്കുട്ടിയും

ആര്‍.എം.പി യു.ഡി.എഫിലേക്ക് വന്നാല്‍ സ്വീകരിക്കുമെന്ന് കോണ്‍ഗ്രസും മുസ്ലീംലീഗും. മുന്നണി പ്രവേശനവുമായി ബന്ധപ്പെട്ട് നിലപാട് വ്യക്തമാക്കേണ്ടത് ആര്‍.എം.പിയാണ്. അവരുമായി ചര്‍ച്ചക്ക് തയാറാണെന്നും കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി പറഞ്ഞു. ആര്‍.എം.പിയുമായി സഹകരിക്കാന്‍ തയാറാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മുസ് ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടിയും വ്യക്തമാക്കി. യു.ഡി.എഫുമായി സഹകരിക്കാന്‍ നിരവധി കക്ഷികള്‍ മുന്നോട്ടു വരുന്നുണ്ട്. എല്ലാ കക്ഷികളുമായും സംസാരിച്ചു വരികയാണ്. യു.ഡി.എഫ് വിജയസാധ്യതയുള്ള മുന്നണിയാണെന്ന് തിരിച്ചറിഞ്ഞു കഴിഞ്ഞെന്നും ചെന്നിത്തല വ്യക്തമാക്കി.

ആര്‍.എം.പി യു.ഡി.എഫിലേക്ക് വന്നാല്‍ സന്തോഷമെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. ദേശീയ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസ് മാത്രമാണ് ബദലെന്ന് എല്ലാവര്‍ക്കും മനസിലായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

ആര്‍.എം.പിക്ക് എത്രകാലം ഒറ്റക്ക് നില്‍ക്കാനാകും. അത് സാധ്യമല്ല. അതു കൊണ്ട് ഏതെങ്കിലും മുന്നണിയിലേക്ക് അവര്‍ വരണം. മാനസികമായി ഐക്യമുള്ള പാര്‍ട്ടിയാണ് ആര്‍.എം.പി. ജനാധിപത്യ, മതേതര ചേരിക്കൊപ്പം മാത്രമേ ആര്‍.എം.പിക്ക് നില്‍ക്കാനേ ആര്‍.എം.പിക്ക് സാധിക്കൂവെന്നും മുല്ലപ്പള്ളി പറഞ്ഞു

എന്നാല്‍, ആര്‍.എം.പി ഒഴിച്ചുള്ള മറ്റ് രാഷ്ട്രീയ പ്രസ്ഥാനങ്ങളെയാവും മുല്ലപ്പള്ളി യു.ഡി.എഫിലേക്ക് ക്ഷണിച്ചതെന്ന് ആര്‍.എം.പി നേതാവ് കെ.എസ് ഹരിഹരന്‍ പറഞ്ഞു. സി.പി.എംവിട്ട് പുറത്തുവന്നവര്‍ യു.ഡി.എഫുമായി സഹകരിക്കുന്ന നിലപാടാണ് നേരത്തെ സ്വീകരിച്ചിട്ടുള്ളത്.