അദ്ധ്യക്ഷ സ്ഥാനം ഒഴിയുന്നതിന് മുമ്പ് ജീവനക്കാര്‍ക്കു ശമ്പളം വര്‍ദ്ധിപ്പിച്ചു മുല്ലപ്പള്ളി

കെ.പി.സി.സി അദ്ധ്യക്ഷ സ്ഥാനം ഒഴിയുന്നതിന് മുമ്പ് ഇന്ദിരാഭവനിലെ ജീവനക്കാർക്ക് ചെറിയ ശമ്പളവർദ്ധനയ്ക്ക് അനുമതി നൽകി മുല്ലപ്പള്ളി രാമചന്ദ്രൻ. ആയിരം രൂപവീതം ആണ് ജീവനക്കാർക്ക് ശമ്പളം വർദ്ധിപ്പിച്ചത്. കോവിഡ് കാലത്ത് രോഗവ്യാപനം കണക്കിലെടുക്കാതെ ജോലിക്കു വന്നവർക്ക് നേരത്തേ അദ്ദേഹം 2000 രൂപ പാരിതോഷികം നൽകിയിരുന്നു.

എ.ഐ.സി.സി.യോട് മുല്ലപ്പള്ളിയുടെ കാലത്ത് പ്രവർത്തന ഫണ്ട് ചോദിച്ചിരുന്നില്ല. അദ്ദേഹം നടത്തിയ കേരള പര്യടനത്തിലൂടെ സമാഹരിച്ച തുകയാണ് നടത്തിപ്പിനായി ചെലവഴിച്ചത്. ഗണ്യമായ തുക മിച്ചംവെയ്ക്കാനും കഴിഞ്ഞു.

ഏതുനിമിഷവും പുതിയ പ്രസിഡന്റ് സംബന്ധിച്ച പ്രഖ്യാപനം വരാമെന്നതിനാൽ സ്ഥാനമൊഴിയാൻ അദ്ദേഹം തയ്യാറെടുപ്പ് നടത്തിയിരുന്നു. പ്രഖ്യാപനം വന്നപ്പോൾ തന്നെ സുധാകരനെ വിളിച്ച് അഭിനന്ദിക്കുകയും ചുമതല ഏറ്റെടുക്കുന്നത് എപ്പോഴെന്നു തിരക്കുകയുംചെയ്തു. ബുധനാഴ്ച ഓഫീസിൽ വന്ന് അക്കാര്യങ്ങൾ സംസാരിക്കാമെന്ന് സുധാകരൻ മറുപടി നൽകി.

2018 ലാണു മുല്ലപ്പള്ളിയെ കെ.പി.സി.സി. പ്രസിഡന്റായി നിയമിച്ചത്. നീണ്ടുനിന്ന അനിശ്ചിതത്വത്തിനും ആശയക്കുഴപ്പങ്ങൾക്ക് ഒടുവിലാണ് പുതിയ കെപിസിസി അദ്ധ്യക്ഷനായി കെ.സുധാകരനെ തിരഞ്ഞെടുത്തത്. കെപിസിസി അദ്ധ്യക്ഷനായി തിരഞ്ഞെടുത്ത വിവരം രാഹുൽ ഗാന്ധി നേരിട്ട് സുധാകരനെ വിളിച്ചറിയിക്കുകയായിരുന്നു. എ- ഐ ഗ്രൂപ്പുകളുടെ എതിർപ്പിനും കെപിസിസി അദ്ധ്യക്ഷസ്ഥാനം മോഹിച്ച് അണിയറ നീക്കം നടത്തിയ സീനിയർ നേതാക്കളേയും മറികടന്നാണ് കെപിസിസി അദ്ധ്യക്ഷസ്ഥാനത്തക്ക് കെ.സുധാകരൻ എത്തുന്നത്.