മുജാഹിദ് സമ്മേളനത്തിന് വഖഫ് ബോര്‍ഡ് ചെയര്‍മാന്‍: ഐഎസ് ആരോപണം മായ്ക്കാനുള്ള സലഫികളുടെ ശ്രമമെന്ന് സമസ്ത; പ്രതിഷേധം കത്തുന്നു

മലപ്പുറം കൂരിയാടില്‍ ഇന്ന് ആരംഭിക്കുന്ന മുജാഹിദ് സമ്മേളനത്തില്‍ പങ്കെടുക്കുമെന്ന കേരള വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ പാണക്കാട് സയ്യിദ് റഷീദ് അലി ശിഹാബ് തങ്ങളുടെ തീരുമാനം സമസ്തയില്‍ കടുത്ത പ്രതിഷേധത്തിന് ഇടയാക്കുന്നു. പാണക്കാട് തങ്ങള്‍ കുടുംബാംഗം മുജാഹിദ് സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനെതിരേ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസ്താവന ഇറക്കി.

മുജാഹിദ്, ജമാഅത്ത് ഇസ്ലാമി തുടങ്ങിയ സംഘനടകളുമായി ബന്ധപ്പെട്ട പരിപാടികളില്‍ പങ്കെടുക്കുന്നതിനെതിരെയുള്ള സമസ്തയുടെ നയത്തില്‍ ആര്‍ക്കും മാറ്റം വരുത്താനാകില്ലെന്ന് സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രിമുത്തുക്കോയ തങ്ങള്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിന്റെ സംസ്ഥാന പ്രസിഡന്റായിരുന്ന പാണക്കാട് സയ്യിദ് ഉമര്‍ അലി ശിഹാബ് തങ്ങളുടെ മകനാണ് റഷീദ് അലി ശിഹാബ് തങ്ങള്‍. കേരള നജ്‌വത്തുല്‍ മുജാഹിദീന്‍ ആണ് സമ്മേളനം നടത്തുന്നത്. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവ്വറലി ശിഹാബ് തങ്ങളെയും സമ്മേളനത്തിന് ക്ഷണിച്ചിട്ടുണ്ട്.

ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധപ്പെട്ടുള്ള ആരോപണം മായ്ക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് സുന്നി നേതാക്കളെ സമ്മേളനത്തിന് ക്ഷണിച്ചതെന്നാണ് ടൈംസ് ഓഫ് ഇന്ത്യ ഇതുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് ചെയ്യുന്നത്. അതേസമയം, വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ എന്ന രീതിയിലും യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് എന്ന രീതിയിലുമാണ് ഇവരെ സമ്മേളനത്തിന് ക്ഷണിച്ചിട്ടുള്ളതെന്നാണ് മുജാഹിദ് സമ്മേളനവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.