സമരക്കാരുടെ നീക്കം കലാപം സൃഷ്ടിക്കാൻ, പിന്നിൽ രാഷ്ട്രീയലക്ഷ്യങ്ങൾ; വിഴിഞ്ഞം സമരത്തിൽ വി.ശിവൻകുട്ടി

വിഴിഞ്ഞം തുറമുഖം അടച്ചുപൂട്ടണം എന്ന ഒരു ആവശ്യം ഒഴികെ എല്ലാം അംഗീകരിക്കാൻ സർക്കാർ തയ്യാറെന്ന് പൊതുവിദ്യാഭ്യാസ-തൊഴില്‍ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ചർച്ചയിൽ ഒന്ന് പറയുകയും മറ്റൊന്ന് പ്രവർത്തിക്കുകയും ചെയ്യുന്നതാണ് നേതാക്കന്മാരുടെ രീതി. സമരസമിതിയിൽ തന്നെ യോജിപ്പില്ലെന്നും അവർ തന്നെ രണ്ടാണെന്നും കുറ്റപ്പെടുത്തിയ ശിവൻകുട്ടി പോലീസുകാരുടെ ക്ഷമയെ ഒരുപാട് പരീക്ഷിക്കരുതെന്നും പറഞ്ഞു.

പോലീസുകാർ ഭൂമിയോളം ക്ഷമിക്കുന്നുണ്ട്. നടക്കാത്ത കാര്യത്തിന്റെ പേരിൽ കലാപം ഉണ്ടാക്കാനുള്ള ശ്രമങ്ങൾ ഉപേക്ഷിക്കണം, ഇത് ഒരു അപേക്ഷയായി കാണണം എന്നും ശിവൻകുട്ടി സമരക്കാരോട് പറഞ്ഞു. വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട സമരങ്ങൾ അവസാനിപ്പിക്കാൻ പറഞ്ഞ ശിവൻകുട്ടി ഭൂരിഭാഗം ആവശ്യങ്ങളും അംഗീകരിച്ച സാഹചര്യത്തിൽ സമരം അവസാനിപ്പിക്കാന്‍ മനസുള്ളവര്‍ സമരസമിതി നേതൃത്വത്തിലുണ്ട്. പിന്നെയും സമരം തുടരുന്നത് ദുരൂഹ ലക്ഷ്യത്തിലാണെന്ന് കുറ്റപ്പെടുത്തിയ മന്ത്രി പിന്നിൽ രാഷ്ടിയ ലക്ഷ്യങ്ങൾ ഉണ്ടെന്നും പറഞ്ഞു.

ഒരു കാരണവശാലും മത്സ്യതൊഴിലാളികളുമായി സംഘര്‍ഷമുണ്ടാകരുതെന്ന് പൊലീസിന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.