മൂലമറ്റം വെടിവെയ്പ് ; പ്രതി ഉപയോഗിച്ചത് വന്‍ അപകടസാദ്ധ്യത ഉള്ള ഇരട്ടക്കുഴല്‍ തോക്ക്, വിദേശനിര്‍മ്മിതം

തട്ടുകടയിലെ തര്‍ക്കത്തെത്തുടര്‍ന്ന് യുവാവു വെടിയേറ്റുമരിച്ച സംഭവത്തില്‍ പ്രതി ഫിലിപ്പ് മാര്‍ട്ടിനെ (26) തെളിവെടുപ്പിനുശേഷം കോടതി റിമാന്‍ഡ് ചെയ്തു. ശനിയാഴ്ച രാത്രിയാണു സംഭവം. മരിച്ച കീരിത്തോട് സ്വദേശിയും ബസ് കണ്ടക്ടറുമായ സനല്‍ സാബു (34)വിന്റെ സംസ്‌കാരം ഇന്ന് 11ന് നടക്കും.

പ്രതി ഫിലിപ്പില്‍ നിന്നു പിടികൂടിയ തോക്ക് 2014ല്‍ കരിങ്കുന്നം പ്ലാന്റേഷനിലെ ഇരുമ്പു പണിക്കാരനില്‍ നിന്ന് ഒരു ലക്ഷം രൂപ നല്‍കി വാങ്ങിയതാണെന്നു പൊലീസ്. ഇരുമ്പു പണിക്കാരന്‍ മരിച്ചുപോയെന്നാണു പൊലീസിനു ലഭിച്ച വിവരം. തോക്കില്‍ നിന്നു 2 തിരകളും ഫിലിപ്പിന്റെ വാഹനത്തില്‍ നിന്ന് ഒരു തിരയും പൊലീസ് കണ്ടെടുത്തു. വിദഗ്ദരുടെ പരിശോധനയില്‍ നാടന്‍ തോക്കല്ലെന്നും വിദേശ നിര്‍മിതമാണെന്നും കണ്ടെത്തി.

ഒരു വെടിയില്‍ ഒട്ടേറെ ചില്ലുകള്‍ തെറിക്കുന്ന രീതിയിലുള്ളതാണ് തോക്ക്. ജനക്കൂട്ടത്തില്‍ വെടിവച്ചാല്‍ ഒട്ടേറെ പേര്‍ക്ക് അപകടം ഉണ്ടാകാന്‍ സാധ്യതുള്ളയിനം തോക്കാണെന്നാണ് വിദഗ്ദ പരിശോധനയില്‍ കണ്ടെത്തിയിരിക്കുന്നത്.

ശനിയാഴ്ച്ചയാണ്് മൂലമറ്റത്ത് ഹൈസ്‌കൂളിന് മുന്നില്‍ വച്ച് രാത്രി പത്തരയോടെ നാട്ടുകാര്‍ക്ക് നേരെ യുവാവിന്റെ ആക്രമണം നടന്നത്. വെടിവയ്പ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ബസ് ജീവനക്കാരനായ മൂലമറ്റം കീരിത്തോട് സ്വദേശി സനല്‍ സാബു(32)വാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ സനലിന്റെ സുഹൃത്ത് മൂലമറ്റം സ്വദേശി പ്രദീപ് കോലഞ്ചേരിയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.

തട്ടുകടയില്‍ ഭക്ഷണം കഴിക്കാന്‍ എത്തിയ ഫിലിപ്പ് മാര്‍ട്ടിന്‍ ഭക്ഷണത്തെ ചൊല്ലി ജീവനക്കാരുമായി വാക്കുതര്‍ക്കത്തിലായി. തര്‍ക്കത്തെ തുടര്‍ന്ന് നാട്ടുകാര്‍ കൂടി ഇയാളെ കാറില്‍ കയറ്റി തിരികെ അയക്കുകയായിരുന്നു.

പ്രതി പിന്നീട് വീട്ടില്‍ പോയി തിരികെ തോക്കുമായി വന്ന് കാറില്‍ ഇരുന്ന് തന്നെ തട്ടുകടയിലേക്ക് അഞ്ച് റൗണ്ട് വെടിയുതിര്‍ത്തു. ഹൈസ്‌കൂള്‍ ജംഗ്ഷന് സമീപത്ത് വച്ച്് ഇരുചക്ര യാത്രക്കാരായ സനലിനെയും,പ്രദീപിനെയും ഇടിച്ചിട്ട ശേഷം വെടി വയ്ക്കുകയായിരുന്നു. ബസ് ജീവനക്കാരായ ഇവര്‍ ജോലി കഴിഞ്ഞ് തിരികെ പോകുന്ന വഴിയാണ് വെടിയേറ്റത്. ആക്രമണത്തിന് ശേഷം കടന്നുകളയാന്‍ ശ്രമിച്ച പ്രതിയെ മുട്ടത്ത് വച്ചാണ് പൊലീസ് പിടികൂടിയത്.