ബാങ്ക് സിസ്റ്റം ഹാങ്ങാകാതെ ഇരിക്കാന്‍ കരുതല്‍; പണം ഒറ്റയടിക്ക് പിന്‍വലിക്കാനാവില്ല; പരിധി നിശ്ചയിച്ചു; ശമ്പളം മുടങ്ങിയതിനെ ന്യായീകരിച്ച് ധനമന്ത്രി

സംസ്ഥാനത്ത് ശമ്പളവും പെന്‍ഷനും മുടങ്ങിയതിനെ ന്യായീകരിച്ച് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ഇന്നുമുതല്‍ ശമ്പളം ലഭിക്കും.
രണ്ട് മൂന്ന് ദിവസംകൊണ്ട് എല്ലാവര്‍ക്കും ശമ്പളം കൊടുത്ത് തീര്‍ക്കാനാകുമെന്നാണ് കരുതുന്നത്.

ചരിത്രത്തില്‍ ആദ്യമായാണ് ഒരു സംസ്ഥാനത്തിന് മാര്‍ച്ചുമാസത്തില്‍ കേന്ദ്രം പണം അനുവദിക്കാതെ ബുദ്ധിമുട്ടിക്കുന്നത്. അതേ തുടര്‍ന്നുള്ള സാമ്പത്തിക പ്രതിസന്ധികള്‍ സംസ്ഥാനത്തിനുണ്ട്. ബാങ്ക് സിസ്റ്റം ഹാങ് ആകാതെ ഇരിക്കുവാനാണ് പിന്‍വലിക്കാനുള്ള തുകയുടെ പരിധി 50000 എന്ന് തീരുമാനിച്ചത്.

ശമ്പളം കൊടുക്കാനുള്ള പണം ട്രഷറിയില്‍ ഉണ്ട്. ക്ഷേമപെന്‍ഷനടക്കം കൊടുക്കണമെന്നുതന്നെയാണ് സര്‍ക്കാര്‍ നിലപാട്. അതിനുവേണ്ടിയാണ് മുഖ്യമന്ത്രിയും മന്ത്രിമാരും എംഎല്‍എമാരും ഡല്‍ഹിയില്‍ പോയി സമരം ചെയ്തതും. 14000 കോടിരൂപയാണ് കോടി രൂപയാണ് കേന്ദ്രത്തില്‍ നിന്നും കിട്ടാനുള്ളത്.

എന്നാല്‍ സുപ്രീംകോടതിയില്‍ കേസ് നല്‍കിയതിനാല്‍ പണം നല്‍കാതെ കേന്ദ്രം പിടിച്ചുവെച്ചിരിക്കുകയാണ്. അവകാശപ്പെട്ട പണമാണ് ചോദിക്കുന്നത്. എത്രനാള്‍ ഇത് തരാതെ ബുദ്ധിമുട്ടിക്കാന്‍ കേന്ദ്രത്തിനാകും. സുപ്രീം കോടതി സംസ്ഥാനത്തിന് അനുകുലമായ നിലപാടെടുക്കുമെന്നുതന്നെയാണ് വിശ്വസിക്കുന്നത്.

ഫെബ്രുവരി, മാര്‍ച്ച് മാസത്തില്‍ പണം തരില്ല എന്ന കേന്ദ്ര നിലപാട് സംസ്ഥാനത്തെ കാര്യമായി ബാധിക്കും. ശമ്പളവും പെന്‍ഷനും കൊടുത്തതുകൊണ്ട് മാത്രം പ്രശ്നം തീരില്ല. എന്നാല്‍ സാമ്പത്തിക സ്ഥിതിയില്‍ ആശങ്കയില്ലെന്നും ധനമന്ത്രി പറഞ്ഞു.