മോഹൻലാലിന്റെ രണ്ട് വരി കവിത കുമാരനാശാന്റേതല്ല! ആരുടേതാണ് ആ വരികൾ? സോഷ്യൽ മീഡിയയിൽ ചർച്ച

ദാദാസാഹേബ് ഫാൽക്കെ പുരസ്‌കാരം ഏറ്റുവാങ്ങി മോഹൻലാൽ ഡൽഹിയിൽ നടത്തിയ പ്രസംഗത്തിൽ കുമാരനാശാന്റെ കവിത എന്നപേരിൽ പാടിയ ആ രണ്ടു വരികൾ ആരുടേതാണ്? സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്നതിപ്പോൾ അതാണ്. കാരണം മഹാകവി കുമാരനാശാൻ എഴുതിയ വീണപൂവിൽ നിന്നുള്ള വരികൾ എന്നുപറഞ്ഞ് പ്രസംഗത്തിൽ മോഹൻലാൽ വായിച്ച വരികൾ വീണപൂവിൽ ഇല്ല.

”തത്ത്വചിന്തകനും സാമൂഹ്യപരിഷ്‌കർത്താവും മഹാകവിയുമായ കുമാരനാശാൻ ‘വീണപൂവ്’ എന്ന കവിതയിൽ കുറിച്ച പോലെ ‘ചിതയിലാഴ്ന്നു പോയതുമല്ലോ ചിരമനോഹരമായ പൂവിത്! പ്രതിഭ കൊണ്ട് പ്രേക്ഷകരെ വിസ്മയിപ്പിക്കുകയും തലമുറകളെ അവർ അവശേഷിപ്പിച്ച സുഗന്ധത്തിലൂടെ പ്രചോദിപ്പിക്കുകയും ചെയ്ത് വിടർന്ന് അടർന്നു പോയ എല്ലാവരെയും ഈ നിമിഷം ഓർക്കുന്നു”.

ഇതിൽ രണ്ട് പ്രശ്നങ്ങളാണ് സോഷ്യൽ മീഡിയ ചൂണ്ടിക്കാണിക്കുന്നത്. ഒന്ന്, മലയാള സിനിമയിയെ പൂർവികരെ അനുസ്മരിച്ചതാണെങ്കിലും ആ സദർഭത്തിലെ ആ വരികളുടെ പ്രസക്തി വ്യക്തമല്ല. മറ്റൊന്ന്, വീണപൂവിൽ ഇങ്ങനൊരു ഭാഗമില്ല. വീണപൂവ് ഖണ്ഡകാവ്യമാണ്. വീണുകിടക്കുന്ന പൂവിനെയും ചുറ്റും പറന്ന് നടക്കുന്ന വണ്ടിനെയും വിഷയമാക്കി ആശാൻ എഴുതിയ തത്ത്വചിന്തയും ലൗകിക-ആദ്ധ്യാത്മിക കാഴ്ചപ്പാടുകളും ചേർന്ന കൊച്ചുകാവ്യം.

വീണപൂവിൽ ഇങ്ങനൊരു വരിയില്ലെന്ന് സോഷ്യൽ മീഡിയ ചൂണ്ടിക്കാണിക്കുമ്പോൾ, ചിലർ പി ഭാസ്‌കരന്റെ ഓർക്കുക വല്ലപ്പോഴും എന്ന കവിതയിലേതാകാമെന്ന് സംശയം പ്രകടിപ്പിക്കുന്നുണ്ട്. എന്നാൽ ആ കവിതയിലും ഇങ്ങനൊരു വരിയില്ല. ചങ്ങമ്പുഴ കവിതകളിൽ ഏതിലേലുമാകാമെന്ന് ചിലർ പറയുന്നുണ്ടെങ്കിലും അദ്ദേഹത്തിന്റെ കവിതകളിലൊന്നിലും ഇത്തരത്തിലൊരു വരിയില്ലെന്നതും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.

Read more

കുമാരാനാശാൻ എഴുതിയ വീണപൂവ് എന്ന കവിതയിലേതല്ല മോഹൻലാൽ ഉദ്ധരിച്ച വരികൾ എന്നത് വ്യക്തമാണ്. എന്നാൽ ഏത് കവിതയിൽ നിന്നുള്ളതാണ് യഥാർത്ഥത്തിൽ ഈ വരികൾ എന്ന സോഷ്യൽ മീഡിയയുടെ അന്വേഷണവും ഉത്തരമില്ലാതെ തുടരുകയാണ്. ഇതിനിടെ മോഹൻലാലിന് സംഭവിച്ച അബദ്ധത്തിന് പിന്നിൽ ചാറ്റ് ജിപിടിയിയാകാം എന്നൊരു സംശയവും സോഷ്യൽ മീഡിയ പങ്കുവെക്കുന്നുണ്ട്. അതേസമയം സുപ്രധാന വ്യക്തിത്വങ്ങൾക്ക് വേദികളിൽ പ്രസംഗിക്കാനുള്ള പ്രസംഗങ്ങൾ മുൻകൂട്ടി തയാറാക്കുന്ന പതിവുണ്ട്. അങ്ങനെ മറ്റാരെങ്കിലും തയാറാക്കിയ പ്രസംഗം വായിച്ചതാണോ മോഹൻലാൽ എന്നും വ്യക്തമല്ല.