ജയസൂര്യക്ക് മറുപടിയുമായി മുഹമ്മദ് റിയാസ്; റോഡു പണിക്ക് മഴ ഒരു തടസ്സം തന്നെയാണെന്ന് മന്ത്രി

കേരളത്തിലെ റോഡുകളെ വിമര്‍ശിച്ച നടന്‍ ജയസൂര്യയ്ക്ക് മറുപടി നല്‍കി പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. തുടര്‍ച്ചയായി പെയ്യുന്ന മഴ പൊതുമരാമത്ത് വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു തടസ്സം തന്നെയാണ്. ഇതിനെ മറികടക്കാനുള്ള പരിഹാരങ്ങള്‍ കണ്ടെത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. അതിനുള്ള സാങ്കേതിക വിദ്യകള്‍ എന്താണെന്ന് പഠിക്കുമെന്നും എന്നും മന്ത്രി പറഞ്ഞു.

റോഡുകള്‍ തകര്‍ന്നു കിടക്കുന്നതിന് മഴയെ കുറ്റം പറയരുത്. അങ്ങനെയാണെങ്കില്‍ ചിറാപുഞ്ചിയില്‍ റോഡേ കാണില്ല എന്നാണ് ജയസൂര്യ വിമര്‍ശിച്ചത്. ചിറാപ്പുഞ്ചിയില്‍ ആകെ പതിനായിരം കിലോമീറ്റര്‍ റോഡാണുള്ളത്. കേരളത്തില്‍ മൂന്നരലക്ഷം കിലോമീറ്റര്‍ റോഡുണ്ട്. അതിനാല്‍ കേരളത്തെയും ചിറാപുഞ്ചിയേയും താരതമ്യം ചെയ്യാന്‍ കഴിയില്ല എന്ന് മന്ത്രി പറഞ്ഞു. ഈ പ്രതികൂല കാലാവസ്ഥയിലും കേരളത്തിലെ മഹാഭൂരിപക്ഷം റോഡുകള്‍ക്കും കാര്യമായ കേടുകള്‍ സംഭവിച്ചിട്ടില്ല. മഴയെ പഴിചാരാതെ പരിഹാരം ഉണ്ടാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

വ്യക്തിപരമായ അഭിപ്രായങ്ങള്‍ പറയാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. ജയസൂര്യയുടെ അഭിപ്രായം അത്തരത്തിലൊന്നായി കാണുന്നു. സംസ്ഥാനത്തെ റോഡ് പ്രവര്‍ത്തിയെ നല്ല നിലയില്‍ പിന്തുണച്ചു കൊണ്ടാണ് ജയസൂര്യ സംസാരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

റോഡുകളെ കുറിച്ചുള്ള പരാതി പൊതുജനങ്ങള്‍ക്ക് നേരിട്ട് വിളിച്ചറിയക്കാനുള്ള പദ്ധതിയുടെ ഉദ്ഘാടനം തിരുവനന്തപുരത്ത് നടന്നു. ചടങ്ങിലെ മുഖായാഥിതി ആയിരുന്നു ജയസൂര്യ. ഈ ചടങ്ങിലാണ് കേരളത്തിലെ റോഡുകളുടെ മോശം അവസ്ഥയെ നടന്‍ വിമര്‍ശിച്ചത്. വിനോദസഞ്ചാര കേന്ദ്രങ്ങളിലെ റോഡുകള്‍ പോലും തകര്‍ന്നു കിടക്കുകയാണ് എന്നും അദ്ദേഹം കുറ്റപ്പെടുത്തി. മോശം റോഡുകളില്‍ വീണു മരിക്കുന്നവര്‍ക്ക് ആരു സമാധാനം പറയുമെന്നും ജയസൂര്യ ചോദിച്ചു. അതേസമയം, റോഡ് അറ്റകുറ്റപ്പണിയുടെ ഉത്തരവാദിത്തം കരാറുകാര്‍ക്കാണെന്നും മന്ത്രി റിയാസ് പറഞ്ഞു.