കേരളമുള്‍പ്പെടെ അഞ്ചിടങ്ങളിലേക്കുള്ള നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനം മാര്‍ച്ച് പകുതിക്കുശേഷമുണ്ടായേക്കുമെന്നാണ് സൂചന. തമിഴ്നാട് പര്യടനം പൂര്‍ത്തിയാക്കി മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാറും കമ്മിഷണര്‍മാരായ ഡോ. സുഖ്ബിര്‍ സിങ് സന്ധുവും ഡോ. വിവേക് ജോഷിയും വെള്ളിയാഴ്ച വൈകീട്ട് ഡല്‍ഹിയില്‍ മടങ്ങിയെത്തി. മാര്‍ച്ച് അഞ്ച്, ആറ് തീയതികളിലാണ് കമ്മിഷന്റെ കേരളപര്യടനം. എസ്.ഐ.ആര്‍. അനിശ്ചിതത്വം കാരണമാണ് ബംഗാള്‍ പര്യടനവും നീണ്ടത്. ബംഗാള്‍ പര്യടനത്തീയതി ഇനിയും കമ്മിഷന്‍ നിശ്ചയിച്ചില്ല.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കേരള സന്ദര്‍ശനം മാര്‍ച്ച് 6ല്‍ നിന്ന് 11ലേക്ക് മാറ്റിയിട്ടുണ്ട്. മാര്‍ച്ച് 14ന് അസമില്‍ പുതിയ എക്‌സ്പ്രസ് വേയുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വഹിക്കുന്നുണ്ട്. തിരഞ്ഞെടുപ്പ് അടുത്ത കേരളത്തിലും അസമിലും പ്രഖ്യാപന പെരുമഴയ്ക്ക് സാധ്യതയുണ്ട്. അതിനാല്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിയമസഭാ തിരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപനം മാര്‍ച്ച് പകുതിയ്ക്ക് ശേഷമേ ഉണ്ടാവൂ. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാല്‍ പെരുമാറ്റ ചട്ടം നിലവില്‍ വരും. അതിനാല്‍ വമ്പന്‍ പ്രഖ്യാപനങ്ങള്‍ പ്രധാനമന്ത്രിക്ക് നടത്താനാവില്ല. അതിനാല്‍ പ്രധാനമന്ത്രിയുടെ കേരള- അസം സന്ദര്‍ശന ശേഷം മാര്‍ച്ച് പകുതിക്ക് ശേഷമാകും പ്രഖ്യാപനമെന്നാണ് വിവരം.
മാര്‍ച്ച് ആറിനായിരുന്നു പ്രധാനമന്ത്രിയുടെ കേരള സന്ദര്‍ശനം നേരത്തെ നിശ്ചയിച്ചിരുന്നത്. എന്നാല്‍ ഇത് പിന്നീട് 11ലേക്ക് മാറ്റുകയായിരുന്നു. എന്‍ഡിഎയുടെ പ്രകടന പത്രിക പ്രകാശനം എറണാകുളം കലൂര്‍ സ്റ്റേഡിയത്തില്‍ വെച്ച് പ്രധാനമന്ത്രി നിര്‍വഹിക്കും. മറൈന്‍ ഡ്രൈവില്‍ ധീവരസഭയുടെ പരിപാടിയിലും പ്രധാനമന്ത്രി പങ്കെടുക്കും. റെയില്‍വേയുടേതുള്‍പ്പെടെ മറ്റു രണ്ട് പരിപാടികളും ഉണ്ടാകുമെന്നാണ് വിവരം. സന്ദര്‍ശന കാര്യത്തില്‍ ഔദ്യോഗിക തീരുമാനം വൈകാതെ ഉണ്ടായേക്കും.
Read more
അതിനിടെ, എസ്.ഐ.ആര്‍. പ്രക്രിയയെച്ചൊല്ലിയുണ്ടായ തര്‍ക്കങ്ങള്‍ക്കും അനിശ്ചിതത്വങ്ങള്‍ക്കുമൊടുവില്‍ പശ്ചിമബംഗാളില്‍ അന്തിമ വോട്ടര്‍പട്ടിക ശനിയാഴ്ച പ്രസിദ്ധീകരിക്കും. ബിഹാര്‍ മാതൃകയില്‍ ബംഗാളിലടക്കം ദൈര്‍ഘ്യംകുറച്ച് തിരഞ്ഞെടുപ്പ് നടത്താനാണ് കമ്മിഷന്‍ നീക്കം. 2021-ല്‍ ബംഗാളില്‍ എട്ടുഘട്ടമായിട്ടായിരുന്നു. ഇക്കുറി മൂന്നോ നാലോ ഘട്ടങ്ങളായി ചുരുങ്ങും. കേരളത്തില്‍ ഒറ്റഘട്ടമാകും.







