'ഇന്നത്തെ പരിപാടി കുറേയാളുകളുടെ ഉറക്കം കെടുത്തും, ഒരു കമ്യൂണിസ്റ്റ് മന്ത്രി ഇങ്ങനെ പറഞ്ഞത് മാറുന്ന ഭാരതത്തിന്റെ സൂചന'; മന്ത്രി വാസവന്റെ പ്രസംഗത്തെ കൂട്ടുപിടിച്ചു രാഹുല്‍ ഗാന്ധിയെ പുശ്ചിച്ച് അദാനിയെ പുകഴ്ത്തി മോദിയുടെ ഒളിയമ്പ്, കൊണ്ടത് സിപിഎമ്മിനും കൂടി

രാഹുല്‍ ഗാന്ധിയേയും ഇന്ത്യ മുന്നണിയേയും താഴ്ത്തിക്കെട്ടാന്‍ കേരളത്തിന്റെ തുറമുഖ വകുപ്പ് മന്ത്രി വിഎന്‍ വാസവന്റെ പ്രസംഗത്തിലെ വാക്കുകളെ കൂട്ടുപിടിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗൗതം അദാനിയെ പുകഴ്ത്താന്‍ തുറമുഖ വകുപ്പ് മന്ത്രി വിഎന്‍ വാസവന്‍ കാണിച്ച വിശാല മനസ്‌കതയാണ് രാഹുല്‍ ഗാന്ധിയെ പരിഹസിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആയുധമാക്കിയത്. പക്ഷേ മോദിയുടെ പരാമര്‍ശം രാഹുല്‍ ഗാന്ധിയ്ക്ക് മാത്രമല്ല വേദിയിലിരുന്ന മുഖ്യമന്ത്രി പിണറായി വിജയനും കമ്മ്യൂണിസ്റ്റുകാര്‍ക്കും കൂടി കൊള്ളുന്ന വിധമാണ് തിരിച്ചടിച്ചതെന്ന് മാത്രം.

മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ത്യ മുന്നണിയുടെ കരുത്തുള്ള തൂണാണല്ലോ. ശശി തരൂരും വേദിയില്‍ ഇരിക്കുന്നുണ്ട്. ഇന്നത്തെ ഈ ചടങ്ങ് കുറേ ആളുകളുടെയും ഉറക്കം കെടുത്തും.

ഇതായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി പരിഹാസത്തോടെ പറഞ്ഞത്. അദാനി ഗ്രൂപ്പിനേയും നരേന്ദ്ര മോദിയുടെ കോര്‍പ്പറേറ്റ് ഫ്രണ്ടിനേയും കാലങ്ങളായി വിമര്‍ശിക്കുന്ന രാഹുല്‍ ഗാന്ധിയെ കുത്താനായാണ് വിഴിഞ്ഞം ഉദ്ഘാടനവേദി പ്രധാനമന്ത്രി ഉപയോഗിച്ചത്. ഇന്ത്യ സംഖ്യത്തിലെ പ്രധാന നേതാവായ പിണറായിയും ശശി തരൂരും ഇവിടെ ഉണ്ട്, അവര്‍ വേദിയിലിരിക്കുമ്പോഴാണ് ഒരു കമ്മ്യൂണിസ്റ്റ് മന്ത്രി അദാനി തങ്ങളുടെ പങ്കാളിയാണെന്ന് പറയുന്നത്. ഇതാണ് മാറുന്ന ഭാരതത്തിന്റെ സൂചനയെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്.

ആദ്യം പ്രധാനമന്ത്രി പറഞ്ഞതിന്റെ രാഷ്ട്രീയ പരിഭാഷകന് മനസിലായില്ല. ഇതോടെ ‘അദ്ദേഹത്തിനെ കൊണ്ട് കഴിയുന്നില്ല’ എന്നു കൂടി ചിരിച്ചു പറഞ്ഞാണ് പ്രധാനമന്ത്രി മോദി സ്വാഗത പ്രാസംഗികനായ വിഎന്‍ വാസവന്റെ പ്രസംഗം ചൂണ്ടിക്കാണിച്ചത്. സ്വകാര്യ നിക്ഷേപത്തെ കമ്മ്യൂണിസ്റ്റ് മന്ത്രി സ്വാഗതം ചെയ്യുന്നത് നല്ല കാര്യമെന്നും മോദി പറഞ്ഞു.

തുറമുഖത്തിന്റെ ശില്‍പി എന്നും കാലം കരുതിവച്ച കര്‍മയോഗി എന്നുമെല്ലാം മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തിയാണ് വി എന്‍ വാസവന്‍ സ്വാഗതം പ്രസംഗത്തില്‍ കത്തികയറിയത്. എല്‍ഡിഎഫ് വരും എല്ലാം ശരിയാകും എന്നു പറഞ്ഞത് അര്‍ഥപൂര്‍ണമായി എന്നും വാസവന്‍ പ്രസംഗത്തില്‍ പറഞ്ഞു. രാജ്യത്തിന്റെ മാരിടൈം മേഖല ശക്തിപ്പെടുത്തുന്നതില്‍ സ്വകാര്യസംരംഭങ്ങള്‍ക്കും പങ്കുണ്ടെന്നും പൊതു, സ്വകാര്യ പങ്കാളിത്തത്തോടെ കഴിഞ്ഞ 10 വര്‍ഷം കോടികളുടെ പദ്ധതി നിക്ഷേപങ്ങളാണ് നടന്നതെന്നും പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടിയാണ് പ്രധാനമന്ത്രി വാസവന്റെ സ്വാഗത പ്രസംഗത്തിലെ സ്വകാര്യ പങ്കാളിത്ത സ്‌നേഹം തുറന്നുകാട്ടിയത്.

നിങ്ങള്‍ ഒരു കാര്യം ശ്രദ്ധിച്ചിരിക്കും. കേരളത്തിന്റെ തുറമുഖ മന്ത്രി പ്രസംഗിച്ചപ്പോള്‍ നമ്മുടെ സര്‍ക്കാരിന്റെ പങ്കാളി എന്നാണ് അദാനിയെ വിശേഷിപ്പിച്ചത്. ഒരു കമ്യൂണിസ്റ്റ് സര്‍ക്കാരിന്റെ മന്ത്രിയാണ് അത് പറഞ്ഞത്. ഇതാണ് മാറുന്ന ഭാരതം. ഇതാണ് മാറ്റം. സ്വകാര്യ നിക്ഷേപത്തെ സ്വാഗതം ചെയ്യുന്നത് നല്ല കാര്യമാണ്. വന്ദേഭാരത്, ബൈപ്പാസുകള്‍, ജലജീവന്‍ തുടങ്ങി കേരളത്തിന് നിരവധി പദ്ധതികള്‍ നല്‍കി. കേരളവികസനത്തിന് കേന്ദ്രസര്‍ക്കാര്‍ ഒപ്പമുണ്ട്’.

Read more

ഒരു കമ്മ്യൂണിസ്റ്റ് മന്ത്രി അദാനിയെ ചൂണ്ടിക്കാട്ടി സര്‍ക്കാരിന്റെ പങ്കാളിയെന്ന് വിശേഷിപ്പിക്കുകയും സ്വകാര്യ മേഖലയ്ക്ക് പ്രാധാന്യം നല്‍കണമെന്ന് പറയുകയും ചെയ്യുന്നത് സന്തോഷമുള്ള കാര്യമാണെന്നും കേരളവികസനത്തിന് കേന്ദ്രസര്‍ക്കാര്‍ ഒപ്പമുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞത് കേരളത്തില്‍ വലിയൊരു രാഷ്ട്രീയ ചര്‍ച്ചയ്ക്ക് കൊഴുപ്പേറുമെന്ന് അറിഞ്ഞുതന്നെയാണ്. കോണ്‍ഗ്രസ് സിപിഎമ്മിനും പിണറായി വിജയന്‍ സര്‍ക്കാരിനും ബിജെപിയോടുള്ള ആഭിമുഖ്യത്തെ കുറിച്ചും ആര്‍എസ്എസിന്റെ പൊലീസ് സേനയിലെ അടക്കം കടന്നുകയറ്റത്തേ കുറിച്ചു വ്യാപക ആക്ഷേപങ്ങള്‍ ഉന്നയിക്കുന്ന കാലത്താണ് വാസവന്റെ പ്രസംഗത്തെ കൂട്ടുപിടിച്ചു പ്രധാനമന്ത്രി ഈ ആക്ഷേപങ്ങളെ കൂടുതല്‍ കരുത്തുള്ളതാക്കുന്നത്.