'ഗുജറാത്തില്‍ ഇതുവരെ ഇത്രയും വലിയ തുറമുഖം ഉണ്ടാക്കാന്‍ അദാനിക്ക് കഴിഞ്ഞിട്ടില്ല'; ഗുജറാത്തികളറിഞ്ഞാല്‍ ദേഷ്യം വരാന്‍ സാധ്യതയെന്ന് ചിരിയോടെ മോദി; മറയില്ലാതെ അദാനി സ്‌നേഹം പ്രകടിപ്പിച്ച് പ്രധാനമന്ത്രി

വിഴിഞ്ഞത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി പിണറായി വിജയനും രാഷ്ട്രീയ ഒളിയമ്പുകള്‍ പരസ്പരം തൊടുക്കുമ്പോഴും ശ്രദ്ധേയ സാന്നിധ്യമായി അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി. പ്രതിപക്ഷം പലപ്പോഴും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കടന്നാക്രമിക്കാന്‍ ഗുജറാത്തില്‍ നിന്നുള്ള കോര്‍പ്പറേറ്റ് മുതലാളിയുടെ പേര് ഉപയോഗിക്കുന്ന രാഷ്ട്രീയ സാഹചര്യത്തിലാണ് വിഴിഞ്ഞത്തെ അദാനി പോര്‍ട്ടും യാഥാര്‍ത്ഥ്യമായത്. പ്രധാനമന്ത്രിയുടെ കോര്‍പ്പറേറ്റ് സുഹൃത്തെന്ന് ഖ്യാതിയുള്ള ഗൗതം അദാനിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി പിണറായി വിജയനും കോണ്‍ഗ്രസ് എംപി ശശി തരൂരുമെല്ലാം ഒരേ വേദിയിലെത്തിയ വിഴിഞ്ഞം ഉദ്ഘാടനത്തില്‍ മറ കൂടാതെ നരേന്ദ്ര മോദി അദാനി സ്‌നേഹം പ്രകടിപ്പിച്ചു.

പ്രധാനമന്ത്രിക്ക് വേദിയില്‍ പൊന്നാടയണിയിച്ചും ഉപഹാരം നല്‍കിയും സ്വീകരിച്ചത് അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനിയാണ്. പുഞ്ചിരിയോടെ പൊന്നാടയും ഉപഹാരവും സ്വീകരിച്ച പ്രധാനമന്ത്രി ഗൗതം അദാനിയെ പ്രസംഗത്തില്‍ പ്രത്യേകം പരാമര്‍ശിക്കുകയും പ്രശംസിക്കുകയും ചെയ്തു. ഇത്രയും വലിയ തുറമുഖം അദാനി ഇവിടെ നിര്‍മിച്ചുവെന്ന് ഗുജറാത്തിലെ ആളുകള്‍ അറിഞ്ഞാല്‍ അവര്‍ക്കു ദേഷ്യം വരാന്‍ സാധ്യതയുണ്ടെന്നാണ് അദാനിയെ നോക്കി ചിരിയോടെ മോദി പറഞ്ഞത്.

ഇത്രയും വലിയ തുറമുഖം അദാനി ഇവിടെ നിര്‍മിച്ചുവെന്ന് ഗുജറാത്തിലെ ആളുകള്‍ അറിഞ്ഞാല്‍ അവര്‍ക്കു ദേഷ്യം വരാന്‍ സാധ്യതയുണ്ട്. അവിടെ ഇതുവരെ ഇത്രയും വലിയ തുറമുഖം ഉണ്ടാക്കാന്‍ അദാനിക്കു കഴിഞ്ഞിട്ടില്ല.

ഗുജറാത്തില്‍ ഇത്രയും വലിയ തുറമുഖം ഉണ്ടാക്കാന്‍ ഗുജറാത്തുകാരന്‍ വ്യവസായിക്ക് കഴിഞ്ഞിട്ടില്ലെന്നും കേരളത്തിലാണ് അദ്ദേഹം അതിന് ശ്രമിച്ചതെന്നും പറയുകയായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗൗതം അദാനിയെ പുകഴ്ത്തിയ തുറമുഖമന്ത്രി വി എന്‍ വാസവന്റെ വാക്കുകള്‍ പരാമര്‍ശിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദി അദാനിയെ സ്ഥിരം വേട്ടയാടുന്ന രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ ഒളിയമ്പ് എയ്തു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ത്യ മുന്നണിയുടെ കരുത്തുള്ള തൂണാണല്ലോ. ശശി തരൂരും വേദിയില്‍ ഇരിക്കുന്നുണ്ട്, ഇന്നത്തെ ഈ ചടങ്ങ് പല ആളുകളുടെയും ഉറക്കം കെടുത്തുമെന്നാണ് മോദി പറഞ്ഞത്.  കേരളത്തിന്റെ തുറമുഖ മന്ത്രി പ്രസംഗിച്ചപ്പോള്‍ നമ്മുടെ സര്‍ക്കാരിന്റെ പങ്കാളി എന്നാണ് അദാനിയെ വിശേഷിപ്പിച്ചതെന്നും ഒരു കമ്യൂണിസ്റ്റ് സര്‍ക്കാരിന്റെ മന്ത്രിയാണ് അത് പറഞ്ഞതെന്നും മന്ത്രി വാസവന്റെ പ്രസംഗം ചൂണ്ടിക്കാണിച്ചു പറഞ്ഞ പ്രധാനമന്ത്രി ഇതാണ് മാറുന്ന ഭാരതം എന്നും പറഞ്ഞു.

കേരളം ലോകസമുദ്ര വാണിജ്യത്തില്‍ മുന്‍പന്തിയില്‍ എത്തുകയും വലിയ തോതില്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യട്ടെയെന്നും അതിനായി കേന്ദ്രവും കേരളത്തിനൊപ്പം പ്രവര്‍ത്തിക്കുമെന്നും മോദി പറഞ്ഞു. നമുക്ക് ഒരുമിച്ച് വികസിത കേരളം പടുത്തുയര്‍ത്താമെവന്ന് പറഞ്ഞ പ്രധാനമന്ത്രി ജയ് കേരളം, ജയ് ഭാരം എന്നു മലയാളത്തില്‍ പറഞ്ഞാണ് പ്രസംഗം അവസാനിപ്പിച്ചത്.

Read more

മലയാളത്തിലാണ് ഇക്കുറിയും തിരുവനന്തപുരത്ത് പ്രധാനമന്ത്രി സംസാരിച്ചു തുടങ്ങിയത്. ‘ഏവര്‍ക്കും എന്റെ നമസ്‌കാരം. ഒരിക്കല്‍ കൂടി ശ്രീ അനന്തപത്മനാഭന്റെ മണ്ണിലേക്ക് വരാന്‍ സാധിച്ചതില്‍ എനിക്ക് സന്തോഷമുണ്ടെന്നു’ മലയാളത്തില്‍ പറഞ്ഞാണു പ്രധാനമന്ത്രി പ്രസംഗം ആരംഭിച്ചത്. 8800 കോടി രൂപ ചെലവിട്ടാണു തുറമുഖം നിര്‍മിക്കുന്നത്. ഇതുവരെ 75 ശതമാനത്തില്‍ അധികം ട്രാന്‍ഷിപ്പ്മെന്റ് രാജ്യത്തിനു പുറത്തുള്ള തുറമുഖങ്ങളിലാണു നടന്നിരുന്നതെന്നും ഇതിലൂടെ രാജ്യത്തിന് വലിയ സാമ്പത്തിക നഷ്ടമാണ് ഉണ്ടായിരുന്നതെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഇതിനു മാറ്റം വരികയാണെന്നും പുറത്തേക്ക് ഒഴുകിയിരുന്ന പണം കേരളത്തിനും രാജ്യത്തിനും ജനങ്ങള്‍ക്കും സാമ്പത്തിക സുസ്ഥിരത കെട്ടിപ്പടുക്കുന്നതിനു സഹായകമാകുമെന്നും മോദി പറഞ്ഞു. സമുദ്രവ്യാപാരത്തില്‍ കേരളത്തിന്റെ പങ്ക് മുന്‍പ് ഏറെ വലുതായിരുന്നു. അറബിക്കടലിലൂടെ വ്യാപാരത്തിനായി മറ്റു രാജ്യങ്ങളിലേക്ക് ആളുകള്‍ പോയിരുന്നു. ഈ ചാനല്‍ വീണ്ടും ശക്തിപ്പെടുത്താനാണ് കേന്ദ്രം തീരുമാനിച്ചിരിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.