മോദി പ്രശംസക്ക് പിന്നാലെ ഉയർന്ന ആക്ഷേപങ്ങളിൽ പ്രതികരിച്ച് ശശി തരൂർ എം പി. താൻ ബിജപിയിലേക്ക് ഇല്ലെന്ന് ശശി തരൂർ വ്യക്തമാക്കി. പ്രധാനമന്ത്രിയെ കുറിച്ചുള്ള ലേഖനം ബിജെപിയിൽ ചേരാൻ ആഗ്രഹിക്കുന്നതായി കാണരുതെന്നും ശശി തരൂർ വ്യക്തമാക്കി. അതേസമയം ലേഖനം ദേശീയ ഐക്യത്തെക്കുറിച്ചാണെന്നും ശശി തരൂർ കൂട്ടിച്ചേർത്തു.
കോണ്‍ഗ്രസ് നേതൃത്വവുമായുള്ള അഭിപ്രായ വ്യത്യാസങ്ങൾ നിലനിൽക്കെ ആയിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തിക്കൊണ്ടുള്ള തരൂരിന്റെ ലേഖനം പുറത്ത് വന്നത്. ഇതിന് പിന്നാലെ തരൂര്‍ ബിജെപിയില്‍ ചേരുന്നതിന്റെ സൂചനകളാണിതെന്ന തരത്തിൽ ചർച്ചകളും വാർത്തകളും പുറത്ത് വന്നു. ഇതിലാണ് ഇപ്പോൾ വിദശീകരണവുമായി ശശി തരൂർ രംഗത്തെത്തിയത്.
സര്‍വകക്ഷിസംഘത്തിന്റെ ദൗത്യം വിജയിച്ചതിനേക്കുറിച്ച് താന്‍ വിശദീകരിക്കുന്ന ലേഖനമായിരുന്നു അതെന്ന് തരൂർ പറഞ്ഞു. ദൗത്യത്തിന്റെ വിജയം എല്ലാ പാര്‍ട്ടികളുടെയും ഐക്യത്തെയാണ് വ്യക്തമാക്കിയത്. മറ്റു രാജ്യങ്ങളുമായുള്ള ഇടപെടലില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ, ഊര്‍ജവും കാര്യപ്രാപ്തിയും പ്രകടിപ്പിച്ചു. ബിജെപിയുടെ വിദേശനയമെന്നോ കോണ്‍ഗ്രസിന്റെ വിദേശനയമെന്നോ ഇല്ല. ഇന്ത്യയുടെ വിദേശനയമെന്നേയുള്ളൂ. 11 കൊല്ലം മുന്‍പ് പാര്‍ലമെന്റിന്റെ എക്‌സ്റ്റേണല്‍ അഫയേഴ്‌സ് കമ്മിറ്റി ചെയര്‍മാന്‍ ആയ സമയത്തുതന്നെ പറഞ്ഞ കാര്യമാണിത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പാര്‍ട്ടിയില്‍ ചേരാനൊരുങ്ങുന്നു എന്നതിന്റെ സൂചനയല്ലിത്. ഇത് ദേശീയ ഐക്യത്തെ കുറിച്ചുള്ള പ്രസ്താവനയാണെന്ന് തരൂര്‍ കൂട്ടിച്ചേർത്തു.
മോദിയെ പുകഴ്ത്തുന്നതായിരുന്നു ദ ഹിന്ദു പത്രത്തിലെ തരൂരിന്റെ ലേഖനം. മോദിയുടെ ഊര്‍ജവും കാര്യപ്രാപ്തിയും ഇടപെടാനുള്ള സന്നദ്ധതയും ആഗോളവേദികളില്‍ ഇന്ത്യയുടെ സ്വത്താണ് എന്നായിരുന്നു ‘ദ ഹിന്ദു’വിലെ ലേഖനത്തില്‍ തരൂര്‍ പറഞ്ഞത്. പിന്നാലെ ഈ ലേഖനം പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ഔദ്യോഗിക എക്‌സ് അക്കൗണ്ട് പങ്കുവെക്കുകയും ചെയ്തിരുന്നു.