കെ.കെ രമയെ അധിക്ഷേപിച്ച എം.എം മണി മാപ്പു പറയണം; പ്രതിപക്ഷ ബഹളം, സഭ പിരിഞ്ഞു

എംഎല്‍എ കെ കെ രമയ്ക്ക് എതിരെ അധിക്ഷേപ പ്രസംഗം നടത്തിയതിന് എംഎം മണി മാപ്പുപറയണമെന്ന് ആവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷ ബഹളം. സ്പീക്കറുടെ ഡയസിന് മുന്നില്‍ മുദ്രാവാക്യം വിളികളുമായി പ്രതിപക്ഷം പ്രതിഷേധിച്ചു. പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് ചോദ്യോത്തരവേള റദ്ദാക്കി സഭ ഇന്നത്തേക്ക് പിരിഞ്ഞു.

ടി പിയുടെ വിധവയെ സിപിഎം നിയമസഭയില്‍ അപമാനിച്ചു. നിന്ദ്യമായ സ്ത്രീവിരുദ്ധ പരാമര്‍ശമാണ് എംഎം മണി നടത്തിയതെന്നും ഇത് പിന്‍വലിച്ചേ മതിയാകൂവെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആവശ്യപ്പെട്ടു. വിഷയത്തില്‍ ചെയറിന് ഇടപെടാന്‍ പരിമിതിയുണ്ടെന്ന് സ്പീക്കര്‍ പറഞ്ഞു.

സ്പീക്കറുടെ ഡയസിന് മുന്നില്‍ പ്രതിപക്ഷം പ്ലക്കാര്‍ഡുകള്‍ സ്ഥാപിച്ചു. ഇതോടെ ചോദ്യാത്തര വേള റദ്ദാക്കുകയായിരുന്നു. തുടര്‍ന്ന് സഭാ നടപടികള്‍ പൂര്‍ത്തിയാക്കി ഇന്നത്തേക്ക് പിരിയുകയാണെന്ന് സ്പീക്കര്‍ അറിയിച്ചു. . ഇനി തിങ്കളാഴ്ചയാണ് സഭ സമ്മേളിക്കുക. പത്ത് മിനിട്ട് നേരം മാത്രമാണ് ഇന്ന് സഭ ചേര്‍ന്നത്.

‘ഇവിടെ ഒരു മഹതി സര്‍ക്കാരിന് എതിരെ പ്രസംഗിച്ചു ആ മഹതി വിധവയായിപ്പോയി. അത് അവരുടെ വിധി. ഞങ്ങള്‍ ആരും ഉത്തരവാദികള്‍ അല്ല’- എന്നായിരുന്നു എംഎം മണിയുടെ പ്രസംഗം. അതേസമയം പരാമര്‍ശത്തില്‍ തെറ്റില്ലന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ആരെയും അപമാനിക്കണം എന്ന് മണി ഉദ്ദേശിച്ചിട്ടില്ല. എം.എം.മണിയുടെ പ്രസംഗം കേട്ടെന്നും അവര്‍ വിധവയായതില്‍ തങ്ങള്‍ക്ക് പങ്കില്ലെന്നുമാണ് പറഞ്ഞതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. മഹതിയെന്നു വിളിച്ചതിലും അപകീര്‍ത്തികരമായി ഒന്നുമില്ല. തിരുവഞ്ചൂര്‍ മന്ത്രിയായിരുന്ന കാലത്തെ കാര്യമാണ് പറഞ്ഞത്. അതിലെന്താണ് തെറ്റായിട്ടുള്ളതെന്നും മുഖ്യമന്ത്രി ചോദിച്ചു.