ഒളിക്യാമറ വിവാദം; എം. കെ രാഘവനെതിരെ കേസെടുക്കുന്ന കാര്യത്തില്‍ തീരുമാനം ഇന്ന്

ഒളിക്യാമറാ വിവാദത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി എം. കെ രാഘവനെതിരെ കേസെടുക്കുന്നത് സംബന്ധിച്ചുള്ള നിയമോപദേശം ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ഇന്ന് കൈമാറിയേക്കും. കോഴിക്കോട് ലോക്‌സഭ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയാണ് എം.കെ രാഘവന്‍.

ഡിജിപി ലോക്‌നാഥ് ബെഹ്‌റ പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറലിനോട് നിയമോപദേശം തേടിയിരുന്നു. ഒളിക്യാമറ ഓപ്പറേഷന്‍ സിപിഎം ഗൂഢാലോചനയാണെന്ന എം.കെ രാഘവന്റെ വാദത്തെ തള്ളിയാണ് കണ്ണൂര്‍ റേഞ്ച് ഐജി എംട ആര്‍ അജിത് കുമാര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

തനിക്കെതിരെ കേസെടുക്കാനുള്ള പൊലീസിന്റെ നീക്കം രാഷ്ട്രീയപ്രേരിതമാണെന്നാണ് എം കെ രാഘവന്റെ ആരോപണം. ഇക്കാര്യത്തില്‍ കൂടുതല്‍ പ്രതികരണം പിന്നീട് നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഒളിക്യാമറ ഓപ്പറേഷന്റെ മുഴുവന്‍ ദൃശ്യങ്ങളും പരിശോധിച്ചതായാണ് പൊലീസിന്റെ വിശദീകരണം. ഫോറന്‍സിക് പരിശോധന ഉള്‍പ്പെടെ നടത്തണമെങ്കില്‍ കേസെടുത്ത് അന്വേഷണം നടത്തണമെന്നാണ് ഐജിയുടെ റിപ്പോര്‍ട്ട്. അതേസമയം സിപിഎമ്മിനെതിരായ ആരോപണം പൊലീസ് തള്ളി.

തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ക്ക് മുമ്പ് കേസെടുക്കാനുള്ള തീരുമാനത്തിന് പിന്നിലെ രാഷ്ട്രീയം കോഴിക്കോട്ടെ പ്രബുദ്ധരായ വോട്ടര്‍മാര്‍ തിരിച്ചറിയും. താനിതിനെ അവജ്ഞയോടെ തള്ളിക്കളയുന്നുവെന്നായിരുന്നു എം കെ രാഘവന്റെ പ്രതികരണം.