പ്രതിപക്ഷ നേതാവിന് കൊട്ടാനുള്ള ചെണ്ടയല്ല കേരളത്തിലെ മന്ത്രിമാര്‍: മുഹമ്മദ് റിയാസ്‌

പ്രതിപക്ഷ നേതാവ് വി ഡി സതീശന് എതിരെ വിമര്‍ശനവുമായി മന്ത്രി മുഹമ്മദ് റിയാസ്. പ്രതിപക്ഷ നേതാവിന് കൊട്ടാനുള്ള ചെണ്ടയല്ല കേരളത്തിലെ മന്ത്രിമാര്‍. പരിചയക്കുറവ് മറച്ചുവെക്കാനാണ് അദ്ദേഹം മറ്റുള്ളവരുടെ മേല്‍ കുതിരകയറുന്നതെന്നും മന്ത്രി പറഞ്ഞു. കാസര്‍ഗോഡ് മാധ്യമങ്ങളോട് സംസാരിക്കവെയാണ് വിമര്‍ശനം.

എല്ലാവരെയും പോയി തോണ്ടിയിട്ട് തിരിച്ചൊന്ന് കിട്ടുമ്പോള്‍ മോങ്ങുന്ന കുട്ടിയുടെ അവസ്ഥയാണ് വി ഡി സതീശന്റേത്. രാഷ്ട്രീയ വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയാന്‍ അദ്ദേഹത്തിന്റെ അനുമതി വാങ്ങേണ്ട ആവശ്യമില്ല. കേരളത്തിലെ മന്ത്രിമാര്‍ക്ക് പരിചയക്കുറവാണെന്ന് സതീശന്‍ പറഞ്ഞു. എങ്കില്‍ അദ്ദേഹത്തിന് ഇപ്പോള്‍ ബാധിക്കുന്ന പക്വത കുറവിന്റെ പ്രശ്നം പരിചയക്കുറവാണെന്ന് പറയണം. 21 വര്‍ഷം എംഎല്‍എ ആയിരുന്നത് മാത്രമാണോ ഒരു പൊതുപ്രവര്‍ത്തകന്റെ അനുഭവമെന്നും റിയാസ് ചോദിച്ചു.

കേരളത്തിലെ ഏത് പാര്‍ട്ടി എടുത്താലും അതിലെ ബഹുഭൂരിപക്ഷം പ്രവര്‍ത്തകരും ഒരു ജനപ്രതിനിധി പോലും ആകാത്തവരാണ്. ഇവര്‍ക്കൊന്നും അനുഭവമില്ലെന്നാണോ സതീശന്‍ പറയുന്നത്. ബിജെപിയെ പറയുമ്പോള്‍ പ്രതിപക്ഷനേതാവിന എന്തിനാണ്് പൊള്ളുന്നത് എന്തിനാണെന്നും മന്ത്രി ചോദിച്ചു. ക്രിയാത്മക വിമര്‍ശനം ആര് ഉന്നയിച്ചാലും അത് സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.