വരാന്തയിലല്ല, ക്ലാസ് മുറികളിലേക്ക് കയറി കുട്ടികളെ കാണണം: അബ്ദു റബ്ബിന് മറുപടിയുമായി ശിവന്‍കുട്ടി

പ്ലസ്ടു ഫല പ്രഖ്യാപനത്തിനിടെ വിദ്യാര്‍ത്ഥികളുടെ എണ്ണം തെറ്റായി വായിച്ചതിന്റെ പേരില്‍ തന്നെ പരിഹസിച്ച പി കെ അബ്ദു റബ്ബിന് മറുപടിയുമായി മന്ത്രി വി ശിവന്‍കുട്ടി. വരാന്തയില്‍ അല്ല, ക്ലാസ് മുറികളില്‍ കയറി കുട്ടികളെ കണ്ട് മാറ്റം ചോദിച്ചറിയണമെന്ന ശിവന്‍കുട്ടി റബ്ബിനോട് ആവശ്യപ്പെട്ടു.

അബ്ദു റബ്ബ് വിദ്യാഭ്യാസമന്ത്രിയായിരുന്ന കാലത്ത് വിദ്യാര്‍ത്ഥികള്‍ വരാന്തയില്‍ പോലുമല്ലായിരുന്നെന്നും പാഠഭാഗങ്ങളുടെ ഫോട്ടോസ്റ്റാറ്റ് എടുക്കാന്‍ പുറത്തായിരുന്നെന്നും ശിവന്‍കുട്ടി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

പ്ലസ്ടു ഫല പ്രഖ്യാപനത്തിനിടെ ഏറ്റവും കുറവ് കുട്ടികള്‍ പരീക്ഷയെഴുതിയ ജില്ലയുടെ കണക്കാണ് മന്ത്രി തെറ്റായി വായിച്ചത്. അടുത്തനിമിഷം അത് തിരുത്തി വായിക്കുകയും ചെയ്തിരുന്നു.

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാ ഫലം വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി ഇന്നലെയാണ് പ്രഖ്യാപിച്ചത്. ഹയര്‍സെക്കന്‍ഡറിക്ക് ആകെ 2028 സ്‌കൂളുകളിലായി 3,61,901 പേര്‍ പരീക്ഷ എഴുതിയതില്‍ 3,02,865 പേര്‍ ഉന്നത വിജയം നേടി. വിജയശതമാനം 83.87. കഴിഞ്ഞ തവണത്തെ വിജയശതമാനം 87.94.