വിദേശ സര്‍വകലാശാല വിഷയത്തില്‍ ആരും വേവലാതിപ്പെടേണ്ടന്ന് ഉന്നത വിദ്യാഭ്യാസമന്ത്രി ആര്‍.ബിന്ദു. ബജറ്റിലെ പ്രഖ്യാപനം വിവാദമാക്കാനാണ് മാധ്യമങ്ങള്‍ ശ്രമിക്കുന്നത്. ഇതിന് പിന്നില്‍ മറ്റുചില താല്‍പര്യങ്ങളാണുള്ളത്.
വിദേശ സര്‍വകലാശാലകളുടെ വാണിജ്യ താത്പര്യമടക്കം പരിശോധിച്ച ശേഷമേ വിഷയത്തില്‍ അന്തിമ തീരുമാനമെടുക്കൂ. നിലവിലെ സാഹചര്യത്തില്‍ ഇക്കാര്യത്തില്‍ ആലോചന ആവശ്യമാണെന്നും മന്ത്രി വ്യക്തമാക്കി.
വിദേശ സര്‍വകലാശാലകള്‍ കടന്നുവരുമ്പോള്‍ വാണിജ്യപരമായ താത്പര്യങ്ങള്‍ അവര്‍ക്കുണ്ടോ, കുട്ടികള്‍ കബളിപ്പിക്കപ്പെടുന്നുണ്ടോ, ഇത്തരം കാര്യങ്ങളൊക്കെ പരിശോധിക്കും. ഇടതുപക്ഷത്തിന്റെ നയങ്ങളെപ്പറ്റി മാധ്യമങ്ങള്‍ വേവലാതിപ്പെടേണ്ടെന്നും മന്ത്രി വ്യക്തമാക്കി.
എന്നാല്‍, എല്‍ഡിഎഫ് സര്‍ക്കാരിന്റെ നയം ഇതല്ലന്നാണ് സിപിഐയുടെ വിദ്യാര്‍ത്ഥി സംഘടനയായാ എഐഎസ്എഫ് പറയുന്നത്. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ സ്വകാര്യ സര്‍വകലാശാലകള്‍ ആരംഭിക്കാന്‍ നടപടി സ്വീകരിക്കുമെന്ന സംസ്ഥാന ബജറ്റിലെ പ്രഖ്യാപനം എല്‍ഡിഎഫിന്റെ പ്രഖ്യാപിത നയത്തിന് വിരുദ്ധവും വിദ്യാര്‍ത്ഥി സമൂഹത്തോടുള്ള വെല്ലുവിളിയുംമാണെന്ന് എ ഐ എസ് എഫ് സംസ്ഥാന എക്‌സിക്യൂട്ടീവ് അഭിപ്രായപ്പെട്ടു.
ഉന്നത വിദ്യാഭ്യാസ മേഖലയില്‍ സ്വകാര്യ നിക്ഷേപം സ്വീകരിക്കുമെന്നും വിദേശ സര്‍വകലാശാലകളെ പ്രോത്സാഹിപ്പിക്കുമെന്നും പ്രഖ്യാപിക്കുന്നവര്‍ ഇത്തരം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖലകളില്‍ ഇന്നലെകളില്‍ സൃഷ്ടിച്ച ദൂര വ്യാപകമായ പ്രത്യാഘാതങ്ങള്‍ മറന്ന് പോകരുത്.
കേരളത്തില്‍ സ്വകാര്യ -സ്വാശ്രയ വിദ്യാഭ്യാസ മേഖലയ്ക്ക് യഥേഷ്ടം കയറിയിറങ്ങാന്‍ വാതില്‍ തുറന്നിട്ടതിന്റെ ഫലമായി ഉന്നത വിദ്യാഭ്യാസ മേഖലയില്‍ വ്യാപരിച്ച കച്ചവട പ്രവണതയും താല്പര്യങ്ങളും സാധാരണക്കാരന് വിദ്യാഭ്യാസം അപ്രാപ്യമാക്കിയപ്പോഴെല്ലാം അതിനെതിരെ സമാനതകളില്ലാത്ത പ്രക്ഷോഭങ്ങളാണ് കേരളത്തില്‍ ഉയര്‍ന്നു വന്നത്.
Read more
വിദ്യാഭ്യാസത്തിന്റെ സാമൂഹിക തലത്തെ അപ്രസക്തമാക്കിക്കൊണ്ടും രാഷ്ട്രത്തിന്റെ മനുഷ്യവിഭവശേഷിയുടെ പരിശീലനമോ രൂപപ്പെടുത്തലോ പരിഗണിക്കാതെ കേവല കച്ചവട താല്പര്യം മാത്രം മുന്‍ നിര്‍ത്തിക്കൊണ്ടുമുള്ള നീക്കത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിയണമെന്നും അല്ലാത്ത പക്ഷം ശക്തമായ പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്നും എ ഐ എസ് എഫ് വ്യക്തമാക്കി. വിദ്യഭ്യാസ മേഖലയിലെ സ്വകാര്യവത്കരണത്തിനും വിദേശ നിക്ഷേപത്തിനുമെതിരെയുള്ള പോരാട്ടങ്ങള്‍ എ ഐ എസ് എഫിന്റെ എക്കാലത്തെയും സുശക്തമായ നിലപാടാണെന്നും എ ഐ എസ് എഫ് സംസ്ഥാന പ്രസിഡന്റ് ആര്‍ എസ് രാഹുല്‍ രാജും സെക്രട്ടറി പി കബീറും പ്രസ്താവനയില്‍ പറഞ്ഞു.