എം.വി ഗോവിന്ദന് പകരം മന്ത്രി കണ്ണൂരില്‍ നിന്ന് തന്നെ?; പുനഃസംഘടന ഉടന്‍

സിപിഎം സംസ്ഥാന സെക്രട്ടറിയായി മന്ത്രി എം.വി ഗോവിന്ദനെ തിരഞ്ഞെടുത്ത സാഹചര്യത്തില്‍ സംസ്ഥാന മന്ത്രിസഭ പുനഃസംഘടിപ്പിക്കും. എക്സൈസ്-തദ്ദേശ സ്വയംഭരണ വകുപ്പാണ് എം വി ഗോവിന്ദന്‍ കൈകാര്യം ചെയ്യുന്നത്. കണ്ണൂരില്‍ നിന്നുള്ള ഒരാള്‍ തന്നെ മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കപ്പെടാനാണ് സാധ്യത.

തലശ്ശേരി എംഎല്‍എ എ.എന്‍ ഷംസീറോ, മട്ടന്നൂര്‍ എംഎല്‍എയും മുന്‍ ആരോഗ്യമന്ത്രിയുമായ കെ.കെ ശൈലജയോ ചുമതലയില്‍ എത്തിയേക്കാം എന്നാണ് സൂചന.കൂടുതല്‍ പ്രവര്‍ത്തന മികവ് പ്രതീക്ഷിക്കുന്നവരെ മന്ത്രി സഭയില്‍ ഉള്‍പ്പെടുത്താനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നറിയുന്നു.

കെ.കെ ശൈലജയെ വീണ്ടും മന്ത്രി സഭയിലേക്ക് കൊണ്ടുവരണമെന്ന ചര്‍ച്ചകള്‍ സജീവമാണ്. എം.ബി രാജേഷിനെ സ്പീക്കര്‍ സ്ഥാനത്ത് നിന്നു മാറ്റി മന്ത്രിയാക്കാനുള്ള നീക്കവും നടക്കുന്നുണ്ട്. ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജിനെ സ്പീക്കര്‍ ആക്കിയേക്കും. വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയെ മാറ്റി പകരം എം.ബി രാജേഷിനെ ആ സ്ഥാനത്തേക്ക് നിയോഗിക്കാനും നീക്കമുണ്ട്. ശിവന്‍ കുട്ടിയെ സി പി എം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയാക്കാനും നീക്കമുണ്ട്.

സജി ചെറിയാന് പകരം ക്രൈസ്തവ വിഭാഗത്തില്‍ നിന്ന് മറ്റൊരു മന്ത്രിയെ കണ്ടെത്താനുള്ള നീക്കവും നടക്കുന്നുണ്ട്. വിഴിഞ്ഞം പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തില്‍ ആ വിഭാഗത്തെ അനുനയിപ്പിക്കുന്നതിനുള്ള ശ്രമവും മന്ത്രി സഭാ പുനസംഘടനയിലൂടെ ഉണ്ടാകുമെന്നാണ് സൂചന.

അതേസമയം, രണ്ട് ദിവസത്തെ സിപിഎം നേതൃയോഗം തുടങ്ങി. ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി, പ്രകാശ് കാരാട്ട് എന്നിവരുടെ സാന്നിധ്യത്തിലാണ് യോഗം. ഈ അടിയന്തര യോഗത്തില്‍ നിര്‍ണായക തീരുമാനങ്ങള്‍ കൈക്കൊണ്ടേക്കും.