മാര്‍ക്ക് ദാനത്തില്‍ മന്ത്രിക്ക് പങ്കില്ല; ചെന്നിത്തലയെ തള്ളി വൈസ് ചാന്‍സിലര്‍ രംഗത്ത്

എം.ജി സര്‍വകലാശാലയില്‍ മന്ത്രി കെ.ടി ജലീല്‍ മാര്‍ക്ക് ദാനം നടത്തിയെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണം നിഷേധിച്ച് വൈസ് ചാന്‍സിലര്‍ രംഗത്ത്. മാര്‍ക്ക് ദാനത്തില്‍ മന്ത്രിക്ക് പങ്കില്ലെന്ന് വി.സി ഡോ. സാബു തോമസ് പറഞ്ഞു.

ബി.ടെക് കോഴ്‌സില്‍ എതെങ്കിലും ഓരു വിഷയത്തില്‍ ഒന്നു മുതല്‍ അഞ്ചു വരെ മാര്‍ക്ക് കുറവുണ്ടെങ്കില്‍ മോഡറേഷന്‍ നല്‍കാം. സിന്‍ഡിക്കേറ്റാണ് തീരുമാനമെടുത്തത്. സര്‍ക്കാരിനോ മന്ത്രിക്കോ ഇതില്‍ ഇടപെടാന്‍ കഴിയില്ല. കേരളത്തിലെ എല്ലാ സര്‍വകലാശാലയിലും ഇത് നടക്കുന്നുണ്ടെന്നും വി.സി പറഞ്ഞു.

ചെന്നിത്തലയുടെ ആരോപണം നിഷേധിച്ച് മന്ത്രിയും രംഗത്തെത്തി. എം.ജി. സര്‍വകലാശാലയില്‍ മാര്‍ക്ക് ദാനം നടത്തിയെന്ന തനിക്കെതിരെയുള്ള രമേശ് ചെന്നിത്തലയുടെ ആരോപണം പച്ചക്കള്ളമെന്ന് മന്ത്രി കെ.ടി.ജലീല്‍ പറഞ്ഞു. പ്രതിപക്ഷ നേതാവിന്റേത് അടിസ്ഥാനരഹിതമായ ആരോപണങ്ങളാണെന്നും അദ്ദേഹം ഇതിനുമുമ്പും ഇത്തരം പൊയ്  വെടികള്‍ പൊട്ടിച്ചിട്ടുണ്ടെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു