'കൈക്കുഞ്ഞുങ്ങള്‍  നഷ്ടപ്പെട്ട ചിലര്‍ അവിടെ അലറിക്കരഞ്ഞു നടക്കുന്നത് കണ്ടിരുന്നു';പുത്തുമല ദുരന്തത്തിന്റെ ദൃക്സാക്ഷി സിദ്ദിഖ്

വയനാട്ടില്‍ മേപ്പാടി പുത്തുമലയില്‍ ഇന്നലെ വൈകിട്ടാണ് ഉരുള്‍പ്പൊട്ടല്‍ ഉണ്ടായത്. വീടുകളും എസ്റ്റേറ്റ് തൊഴിലാളികള്‍ താമസിച്ച പാടികളും അമ്പലവും പള്ളിയും ഉള്‍പ്പെടെ നിരവധി കെട്ടിടങ്ങളാണ് ഉരുള്‍പ്പൊട്ടലിലും മലവെള്ള പാച്ചിലിലും ഇല്ലാതായത്. എത്രപേര്‍ ഇപ്പോഴും മണ്ണിനടിയില്‍ കുടുങ്ങി കിടക്കുന്നുവെന്നത് സംബന്ധിച്ച് വ്യക്തതയില്ല. ഇന്ന് പുലര്‍ച്ചെ മുതല്‍ രക്ഷാ പ്രവര്‍ത്തനം പുനരാരംഭിച്ചിട്ടുണ്ട്. ഒന്‍പത് പേരുടെ മൃതദേഹങ്ങള്‍ ഇതുവരെ കണ്ടെത്തിയിട്ടുണ്ട്. ചിലര്‍ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്.

പുത്തുമലയില്‍  450 തോളം പേര്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് മേപ്പാടിയിലെ ദുരിതാശ്വാസ ക്യാമ്പിലെത്തിയവര്‍ വ്യക്തമാക്കുന്നത്. കൂടാതെ ചൂരല്‍മല ഹൈസ്‌കൂള്‍, മുണ്ടക്കൈയില്‍, ഏലവയല്‍ എന്നിവിടങ്ങളില്‍ നിരവധി കുടുംബങ്ങള്‍ കുടുങ്ങിക്കിടക്കുകയാണ്. രക്ഷാപ്രവര്‍ത്തകര്‍ക്ക് ഇവിടേക്ക് പോകാനുള്ള വഴിയും ചെറുപാലങ്ങളും മലവെള്ളപ്പാച്ചിലില്‍ ഒഴുകിപ്പോയത്  രക്ഷാപ്രവര്‍ത്തനം വൈകാനുള്ള  കാരണമായി.

അതേസമയം  മേപ്പാടിയിലുണ്ടായ ഉരുള്‍പൊട്ടല്‍ അതീവഗുരുതരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പത്ര സമ്മേളനത്തില് പറഞ്ഞു. രണ്ട് കുന്നുകള്‍ക്കിടയിലുള്ള സ്ഥലം ഒലിച്ചുപോയി, രക്ഷാപ്രവര്‍ത്തനത്തിനായി എയര്‍ഫോഴ്‌സിന്റെ സേവനം ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വിവിധ വിഭാഗങ്ങളിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ രക്ഷാപ്രവര്‍ത്തനത്തിനായി പ്രശ്‌നബാധിത പ്രദേശങ്ങളിലേക്ക് എത്തുന്നുണ്ട്.മേപ്പാടിയില്‍ ഹെലികോപ്ടര്‍ വഴി ഭക്ഷണവും മരുന്നും എത്തിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

പുത്തുമലയില് ഉണ്ടായ ദുരന്തത്തിന്റെ നടുക്കത്തില് നിന്നും ഇനിയും നാട്ടുകാര് വിട്ട്മാറിയിട്ടില്ല.തുടര്‍ച്ചയായ ഉരുള്‍പ്പൊട്ടിലിനെ തുടര്‍ന്ന് പല കെട്ടിടങ്ങളിലേക്ക് മാറി താമസിക്കേണ്ട അവസ്ഥയാണുണ്ടായതിന്റെ അനുഭവമാണ് സിദ്ദീഖ് പറയുന്നത്.”പച്ചക്കാട് ഉരുള്‍പൊട്ടിയതിനെ തുടര്‍ന്ന് സമീപത്തെ സ്‌കൂളിലേക്ക് മാറ്റി. അപ്പോള്‍ സ്‌കൂളിന് ചുറ്റും മൂന്ന് വട്ടം ഉരുള്‍പൊട്ടി. അതോടെ എല്ലാവരേയും ഞങ്ങള്‍ ഫോറസ്റ്റ് ഓഫീസിലേക്ക് മാറ്റി അപ്പോള്‍ വീണ്ടും പച്ചക്കാടില്‍ ഉരുള്‍പൊട്ടലുണ്ടായപ്പോള്‍ പുത്തുമലയിലേക്ക് മാറിയ ആളുകളാണ് അപകടത്തില്‍പ്പെട്ടതെന്നാണ് ഇദ്ദേഹം പറയുന്നത്. അവിടെ സുരക്ഷിതമായിരിക്കും എന്നാണ് അവരെല്ലാം കരുതിയത്. കാട്ടിനകത്തൂടെ ഒരു മണിക്കൂറോളം നടന്ന് ഞങ്ങള്‍ കുറച്ചു പേര്‍ അതിനകം സുരക്ഷിതസ്ഥാനത്തേക്ക് മാറി. പച്ചക്കാട് മലയില്‍ ഉരുള്‍പൊട്ടലുണ്ടായപ്പോള്‍ എല്ലാവരും പുത്തുമലയിലേക്ക് മാറിയതാണ്. എന്നാല്‍ അവിടെ അതിഭീകരമായ ഉരുള്‍പൊട്ടല്‍ പിന്നെയുണ്ടായി. 70 ആളുകളെങ്കിലും അതില്‍ കുടുങ്ങിയിട്ടുണ്ട്. രണ്ട് പാടി മൊത്തം ഒലിച്ചു പോയി. ആറ് മുറികളാണ് ഒരു പാടിയിലുണ്ടാവുക. അങ്ങനെ പന്ത്രണ്ട് മുറികള്‍. ഇതിന് അടുത്തുള്ള ക്വാര്‍ട്ടേഴ്സുകളും ഒഴുക്കില്‍പ്പെട്ടതായും ഇദ്ദേഹം പറയുന്നു

രണ്ടാമത് ഉരുള്‍പൊട്ടിയത് വന്‍സ്ഫോടനശബ്ദത്തോടെയാണ്. അന്നേരം ഒരു കാറിന്റെ ഹോണടിശബ്ദം കേട്ടാണ് ഞങ്ങള്‍ ഓടിച്ചെന്നത്. എന്നാല്‍ അഞ്ഞൂറ് മീറ്റര്‍ വീതിയില്‍ മണ്ണിടിഞ്ഞു വന്ന് കെട്ടിട്ടങ്ങളും വാഹനങ്ങളുമടക്കം എല്ലാം ഒലിച്ചു പോകുന്ന ഭീകരമായ കാഴ്ചയാണ് ഞാന്‍ കണ്ടത്. പച്ചക്കാടിനും മേലെ നിന്നും ഒരു കിലോമീറ്റര്‍ ദൂരെ നിന്നാണ് മണ്ണൊലിച്ചു വന്നത് എന്നാണ് എനിക്ക് തോന്നുന്നത്. താഴോട്ട് ചുരുങ്ങിയത് നാല് കിലോമീറ്ററെങ്കിലും പോയി ഇത് കളാടി പുഴയില്‍ പോയി ചേരും. വളരെ ചെറിയ ഒരു കൈതോടാണ് ഉരുള്‍ പൊട്ടി ഇങ്ങനെയായത്. ഉരുള്‍പൊട്ടലിന് പത്ത് മിനിറ്റ് മുന്‍പ് തോട്ടിലൂടെ കറുത്തജലം കുത്തിയൊലിച്ചു വരാന്‍ തുടങ്ങി. ഈ സമയം കൊണ്ട് എത്ര പേര്‍ രക്ഷപ്പെട്ടു എന്നറിയില്ല. പ്രദേശത്തുള്ള 90 ശതമാനം പേരെങ്കിലും അവിടെ നിന്നും രക്ഷപ്പെട്ടിട്ടുണ്ട് എന്നാണ് എനിക്ക് തോന്നുന്നത്. എങ്കിലും അനവധി പേര്‍ കുടുങ്ങി കിടപ്പുണ്ട്. കൈക്കുഞ്ഞുങ്ങള്‍ കൈയില്‍ നിന്നും നഷ്ടപ്പെട്ട ചിലര്‍ അവിടെ അലറിക്കരഞ്ഞു നടക്കുന്നത് കണ്ടിരുന്നതായും സിദ്ദിഖ് പറഞ്ഞു.

വീട് പൂര്‍ണമായും ഒലിച്ചുപോകുന്നത് കാണേണ്ടി വന്ന ദുരവസ്ഥയാണ് രാജു എന്ന മധ്യവയസ്‌ക്കന്‍ വിശദീകരിക്കുന്നത്.30 വര്‍ഷമായി ഇവിടെ താമസിക്കുന്ന ആളാണ് രാജു. ഉരുള്‍പ്പൊട്ടല്‍ ഉണ്ടായ സമയത്ത് അദ്ദേഹവും രോഗബാധിതയായ ഭാര്യയുമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. ഇന്നലെ രാവിലെ മുതല്‍ തന്നെ പല മേഖലകളിലും ഉരുള്‍പ്പൊട്ടലുണ്ടായിരുന്നു. അവിടെ രക്ഷാപ്രവര്‍ത്തനം നടത്തിയതിന് ശേഷമാണ് രാജു തിരിച്ച് വിട്ടിലെത്തിയത്. അപ്പോഴാണ് വീണ്ടും ഉരുള്‍പൊട്ടലുണ്ടായതെന്ന് അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

“കുത്തൊഴുക്കില്‍ വീടിന് മേലക്ക് മണ്ണും ചളിയും വന്നു നിറഞ്ഞു. വീട്ടില്‍ നിന്നും പുറത്തിറങ്ങാന്‍ പറ്റാതെ ആയി അടുക്കള വാതിലില്‍ വിടവ് കണ്ട് ഞാന്‍ അതിലൂടെ ഭാര്യയെ പുറത്തിറങ്ങി. പുറത്തു വന്നപ്പോള്‍ ആണ് അയല്‍വാസിയായ ഒരു പെണ്‍കുട്ടി ചളിയില്‍ കുടുങ്ങി കിടക്കുന്നത് കണ്ടത് അവളെ ഞാന്‍ രക്ഷപ്പെടുത്തി. തൊട്ടപ്പുറത്ത് രണ്ട് ഇതര സംസ്ഥാന തൊഴിലാളികള്‍ കുടുങ്ങി കിടക്കുന്നുണ്ടായിരുന്നു അവരേയും ഞാന്‍ രക്ഷപ്പെടുത്തി. അപ്പോഴേക്കും എന്റെ വീട് ഒലിച്ചു പോയി.”” വിതുമ്പിക്കൊണ്ട് രാജു പറഞ്ഞു. രാജു ഇപ്പോള്‍ മേപ്പാടി ആശുപത്രിയിലാണ്.