മാധ്യമങ്ങള്‍ വാണിജ്യ ഉല്‍പ്പന്നമായി മാറി; റേറ്റിങ് നോക്കി വാര്‍ത്തകള്‍ സൃഷ്ടിക്കുന്നു; വിമര്‍ശിച്ച് മന്ത്രി വീണ ജോര്‍ജ്

പുതിയ കാലത്ത് മാധ്യമങ്ങളും വാര്‍ത്തകളും കേവലം വാണിജ്യ ഉല്‍പ്പന്നമായി മാറുകയാണെന്ന് മന്ത്രി വീണാ ജോര്‍ജ്. സ്വാതന്ത്ര്യ മാധ്യമ പ്രവര്‍ത്തനം നിലനില്‍ക്കേണ്ടത് നാടിന്റെ ആവശ്യമാണെന്ന് ജനങ്ങള്‍ തിരിച്ചറിയണം.

കോര്‍പറേറ്റുകളുടെ കീഴിലുള്ള മാധ്യമ പ്രവര്‍ത്തനത്തില്‍ വാര്‍ത്ത മത്സരമാണ് നടക്കുന്നതെന്നും വീണ കുറ്റപ്പെടുത്തി. തൃശൂര്‍പ്രസ് ക്ലബ്ബില്‍ ടി വി അച്യുതവാര്യര്‍ പുരസ്‌കാര സമര്‍പ്പണം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

രാജ്യത്തിന്റെ സാമ്പത്തിക, തൊഴില്‍, വ്യാപാര നയങ്ങള്‍ നിര്‍ണയിക്കുന്നതിനും, അഭിപ്രായം സ്വരൂപിക്കുന്നതിനും മുഖ്യപങ്കുവഹിക്കുന്നത് കോര്‍പറേറ്റ് മാധ്യമങ്ങളാണ്. അതോടൊപ്പം, റേറ്റിങ് നോക്കിയാണ് ഇക്കൂട്ടര്‍വാര്‍ത്തകള്‍സൃഷ്ടിക്കുന്നത്. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനവിഭാഗങ്ങള്‍ക്കുവേണ്ടി റേറ്റിങ് നോക്കാതെ വാര്‍ത്തകള്‍ നല്‍കാന്‍ മാധ്യമങ്ങള്‍ തയ്യാറാകണമെന്നും മന്ത്രി പറഞ്ഞു.