കോണ്‍ഗ്രസുമായി വിവാഹമില്ലെങ്കിലും പ്രാദേശികമായി അവിഹിതമാവാം; സി.പി.എമ്മിനെ പരിഹസിച്ച് ചെറിയാന്‍ ഫിലിപ്പ്‌

കോണ്‍ഗ്രസുമായുള്ള പ്രാദേശിക സഹകരണത്തെ സംബന്ധിച്ച് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിച്ച രാഷ്ട്രീയ പ്രമേയത്തെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് ചെറിയാന്‍ ഫിലിപ്പ്. കോണ്‍ഗ്രസുമായി വിവാഹമില്ലെങ്കിലും പ്രാദേശികമായി അവിഹിതമാവാം എന്നാണ് സിപിഐഎമ്മിന്റെ പുതിയ അടവു നയം എന്നാണ് അദ്ദേഹം പരിഹസിച്ചത്.

രാഷ്ട്രീയ പ്രമേയത്തെ കുറിച്ച് ഫെയ്‌സ്ബുക്കിലൂടെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.സിപിഎമ്മിന്റെ സെമിനാറില്‍ കെ വി തോമസ് പങ്കെടുക്കുന്നത് സംബന്ധിച്ച് എംവി ജയരാജന്‍ നടത്തിയ പ്രസ്താവനയെ ഓര്‍മപ്പെടുത്തുന്നതായിരുന്നു ചെറിയാന്‍ ഫിലിപ്പിന്റെ പ്രതികരണം.

വിവാഹം കഴിക്കാന്‍ പോകുന്ന ചെറുപ്പക്കാരന്‍ പെണ്‍കുട്ടിയെ കണ്ട് ഇഷ്ടപ്പെട്ട് വീട്ടില്‍ എത്തി ആലോചിക്കുമ്പോള്‍, ആ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ഇല്ലെന്ന് പറയാത്തിടത്തോളം കാലം വിവാഹം നടക്കുമെന്ന പ്രതീക്ഷയായിരിക്കും. ആ പെണ്‍കുട്ടിക്ക് ഇഷ്ടമാണെന്നത് ആ പെണ്‍കുട്ടി നേരിട്ട് പറഞ്ഞിട്ടില്ല. എന്നാല്‍ നിഷേധിച്ചിട്ടുമില്ല. പെണ്‍കുട്ടിയുമായുള്ള വിവാഹ ബന്ധം വേര്‍പ്പെടുത്തുന്നത് രണ്ട് കുടുംബങ്ങള്‍ തമ്മിലുള്ള ബന്ധം കൂടിയാണ്.

എന്നാല്‍ ഇത് രണ്ട് രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മിലുള്ള ബന്ധമല്ല. കോണ്‍ഗ്രസും സിപിഎമ്മും രണ്ട് രാഷ്ട്രീയ പാര്‍ട്ടികളാണ്. നയങ്ങളാണ്. കോണ്‍ഗ്രസ് ഇതോട് കൂടി പടുകുഴിയിലേക്ക് വീഴുമെന്നുമാണ് എം വി ജയരാജന്‍ പ്രതികരിച്ചത്. മകളായാലും മരുമകളായാലും വിവാഹ ബന്ധശേഷം അതൊരു കുടുംബ ബന്ധമാണ്. പക്ഷേ ഇവിടെ പഠിപ്പിക്കുന്നത് നിങ്ങള്‍ ആ വീട്ടില്‍ പോയാല്‍ പുറത്താക്കുമെന്നാണ് . അതൊരു തിരുമണ്ടന്‍ തീരുമാനം അല്ലേ എന്നും അദ്ദേഹം ചോദിച്ചിരുന്നു.

സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുക്കാനുള്ള കെ വി തോമസിന്റെ തീരുമാനം രാഷ്ട്രീയ ആത്മഹത്യയാണ് അന്ത്യവിശ്രമത്തിന് തെമ്മാടിക്കുഴിയില്‍ പോലും സ്ഥാനം ലഭിക്കില്ലെന്നും ചെറിയാന്‍ ഫിലിപ്പ് നേരത്തെ പ്രതികരിച്ചിരുന്നു.

Read more