പെന്‍ഷന്‍ മുടങ്ങിയതിനെ തുടര്‍ന്ന് കോടതിയെ സമീപിച്ച മറിയക്കുട്ടിയുടെ ഹര്‍ജി രാഷ്ട്രീയ പ്രേരിതമെന്ന സര്‍ക്കാര്‍ അഭിഭാഷകന്റെ വാദത്തിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. ഹര്‍ജിക്കാരിയെ അപഹസിച്ച സര്‍ക്കാര്‍ നിലപാട് ഞെട്ടലുണ്ടാക്കിയതായി കോടതി പറഞ്ഞു. ഹര്‍ജി പരിഗണിക്കുന്നതിനിടെ ആയിരുന്നു കോടതി സര്‍ക്കാരിനെ വിമര്‍ശിച്ചത്.
ഹര്‍ജി രാഷ്ടീയ പ്രേരിതമെന്ന സര്‍ക്കാര്‍ നിലപാട് ഹൃദയഭേദകമാണെന്ന് കോടതി പറഞ്ഞു. ക്രിസ്മസ് കാലത്തെ ആളുകളുടെ സന്തോഷത്തെ തല്ലിക്കെടുത്തരുത്. ഹര്‍ജിക്കാരിക്ക് ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെ സഹായം നല്‍കാം. ഈ പെന്‍ഷന്‍ സ്റ്റാറ്റൂട്ടറിയല്ല എന്നാണ് സര്‍ക്കാര്‍ പറയുന്നത്. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ തമ്മില്‍ ഉത്തരവാദിത്വം തളളിക്കളയരുതെന്നും കോടതി അറിയിച്ചു.
കേന്ദ്രവും സംസ്ഥാനവും അങ്ങോട്ടും ഇങ്ങോട്ടും പഴി ചാരിയാല്‍ ഇവിടെ ജനങ്ങള്‍ക്ക് ജീവിക്കണ്ടേയെന്ന് ചോദിച്ച കോടതി ആളുകളുടെ ഡിഗ്‌നിറ്റിയെപ്പറ്റി സര്‍ക്കാര്‍ ഓര്‍ക്കണമെന്നും അഭിപ്രായപ്പെട്ടു. ഹര്‍ജിക്കാരിക്ക് ലഭിക്കാനുളള 4500 രൂപ കൊടുക്കാന്‍ പലരും തയാറായേക്കും, എന്നാല്‍ വ്യക്തിയെന്ന നിലയില്‍ സമൂഹത്തിലെ അവരുടെ മാന്യതയും ഡിഗ്‌നിറ്റിയും കൂടി കോടതിക്ക് ഓര്‍ക്കേണ്ടതുണ്ടെന്നും വ്യക്തമാക്കി.
Read more
കേസില്‍ ആവശ്യമെങ്കില്‍ അമിക്കസ് ക്യൂറിയെ നിയമിക്കുമെന്നും സീനിയര്‍ അഭിഭാഷകരെ ഉള്‍പ്പെടുത്തി ആവശ്യമെങ്കില്‍ സാഹചര്യം പരിശോധിക്കുമെന്നും കോടതി അറിയിച്ചു. ഹര്‍ജിക്കാരിക്ക് താത്പര്യമെങ്കില്‍ സഹായിക്കാന്‍ തയ്യാറാണെന്ന് കോടതി പറഞ്ഞു. കോടതിയുടെ വിമര്‍ശനം ശക്തമായതോടെ ഹര്‍ജി രാഷ്ട്രീയ പ്രേരിതമാണെന്ന പരാമര്‍ശം പിന്‍വലിക്കുന്നുവെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.